പുതിയ പാമ്പന്‍ പാലം; രാമനവമി ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
പഴയ പാലത്തിന്റെ ഒരുഭാഗം സ്മാരകമാക്കി മാറ്റും .പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍പ്പാലത്തിന്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയായതാണ്

ചെന്നൈ : രാമനവമിദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രാമേശ്വരത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയറെയില്‍പ്പാലത്തിന്റെനിര്‍മാണംഒക്ടോബറോടെപൂര്‍ത്തിയായതാണ്.ഉദ്ഘാടനത്തീയതി തീരുമാനിച്ചെങ്കിലും കാര്യപരിപാടിക്ക് അന്തിമരൂപമായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
പാമ്പനിലെ പുതിയ പാലത്തിലൂടെ ഏപ്രില്‍ ആറിന് തീവണ്ടിഗതാഗതം തുടങ്ങും. താംബരത്തുനിന്ന് രാമേശ്വരത്തേക്കുള്ള പുതിയ തീവണ്ടിക്ക് പ്രധാനമന്ത്രി പച്ചക്കൊടി വീശും. രാമേശ്വരം റെയില്‍വേ സ്റ്റേഷന്റെ പണി സെപ്റ്റംബറോടെ പൂര്‍ത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകമാക്കി മാറ്റുമെന്നും ബാക്കി പൊളിച്ചുമാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം പണിതത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈര്‍ഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' പാലമാണിത്. രണ്ടുവശത്തേക്കും ചെരിഞ്ഞുപൊങ്ങുന്ന സംവിധാനമായിരുന്നു പഴയ പാലത്തിലേത്.27 മീറ്റര്‍ ഉയരത്തിലേക്കു പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 77 മീറ്ററാണ് നീളം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന്‍ മൂന്നുമിനിറ്റും അടയ്ക്കാന്‍ രണ്ടുമിനിറ്റും മതി. ബ്രിട്ടീഷ് ഭരണകാലത്ത് 1914-ല്‍ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടര്‍ന്നാണ് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ പാലം തുറക്കുന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരംവരെ ഓടും.