നെഹ്റുട്രോഫി വള്ളംകളി നാളെ
ജനങ്ങളുടെ സുരക്ഷയ്ക്കായി 47 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.
ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 17 ഡിവൈഎസ്പി 41 ഇന്‍സ്പെക്ടര്‍, 355 എസ്ഐ എന്നിവരുള്‍പ്പെടെ 1,800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കരയിലേത് എന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 47 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.പുന്നമട ഭാഗം പൂര്‍ണമായും സിസിടിവി കാമറാ നിരീക്ഷണത്തിലായിരിക്കും. മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും.
വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ കാമറകള്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. മത്സരസമയം കായലില്‍ ചാടി മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.