നീറ്റ് പരീക്ഷ :പ്രത്യേക സർവ്വീസുകൾ ഒരുക്കി കെ.എസ്.ആർ.ടി.സി
ജില്ലയിലെ 19 പരീക്ഷ കേന്ദ്രങ്ങളിലായി 9727 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാ സമയം.

ആലപ്പുഴ : നാളെ നടക്കുന്ന നീറ്റ് പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. ജില്ലയിലെ 19 പരീക്ഷ കേന്ദ്രങ്ങളിലായി 9727 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാ സമയം. ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി. നീറ്റ് ആലപ്പുഴ സിറ്റി കോർഡിനേറ്റർ, പൊലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ജലഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക യാത്രാസൗകര്യമൊരുക്കും. പരീക്ഷാകേന്ദ്രങ്ങളുള്ള എല്ലാ സ്ഥലങ്ങളിലേക്കും പരീക്ഷാർത്ഥികൾക്ക് എത്തിച്ചരാനായി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.വൈക്കം ഭാഗത്തേക്ക് രാവിലെ 5.20 മുതൽ 20 മിനിറ്റ് ഇടവേളയിലും അമ്പലപ്പുഴ വഴി തിരുവല്ലയിലേക്ക് രാവിലെ അഞ്ച് മുതൽ 30 മിനിട്ട് ഇടവേളയിൽ ബസുകൾ ഓപ്പറേറ്റു ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0477 2252501.