എ.ഡി.എം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ റിപ്പോർട്ട്
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതയാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻബാബു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന പ്രധാന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്.ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതയാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ 17 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും പരിശോധിച്ചാണ് റവന്യൂ മന്ത്രിക്ക് കൈമാറിയത്. തനിക്ക് തെറ്രു പറ്രിയെന്ന് നവീൻബാബു പറഞ്ഞതായി കളക്ടർ നൽകിയ മൊഴി റിപ്പോർട്ടിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏതു സാഹചര്യത്തിലാണ് നവീൻബാബു ഇങ്ങനെ പറഞ്ഞതെന്നത് സംബന്ധിച്ച വിശദാംശമില്ല. മാത്രമല്ല, ആരോപണമുന്നയിച്ച പി.പി ദിവ്യയുടെ മൊഴിയും രേഖപ്പെടുത്താനായില്ല. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന കൈക്കൂലി ആരോപണത്തിൽ നവീൻബാബു നിരപരാധി യാണെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്നും അറിയുന്നു