കെഎസ്‌എഫ്‌ഇ നിലവിൽ വന്നിട്ട് ഇന്ന് 55 വർഷം
കെഎസ്‌എഫ്‌ഇക്ക് ഇന്ന് 55-ആം പിറന്നാൾ
 
                                    തൃശൂർ : കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ് ഇ) നിലവിൽ വന്നിട്ട് ബുധനാഴ്‌ച 55 വർഷം തികയും. വാർഷിക ദിനത്തിൽ കെഎസ്എഫ്ഇയുടെ 684 ശാഖകളും മറ്റ് ഓഫീസുകളും കെഎസ്എഫ്ഇ ജന്മദിനമായി ആഘോഷിക്കും.
1969 നവംബർ ആറിന് കെഎസ്എഫ്ഇ നിലവിൽ വരുമ്പോൾ 10 ശാഖകൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി ആരംഭിച്ച കെഎസ്‌എഫ്‌ഇ  55 വർഷം പിന്നിടുമ്പോൾ 100 കോടി രൂപ മൂലധനവും 684 ശാഖകളും 8000 ത്തിലധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമായി വളർന്നു.
ഈ വളർച്ചയ്ക്ക് പിന്നിൽ കേരള ജനത കെഎസ്എഫ്ഇ യിൽഅർപ്പിച്ച വിശ്വാസമാണെന്ന് ജന്മദിന സന്ദേശത്തിൽ  ചെയർമാൻ കെ വരദരാജനും മാനേജിങ്ങ് ഡയറക്ടർ ഡോ. എസ് കെ സനിലും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ശാഖകളിലും ‘കസ്റ്റമർ മീറ്റ് 2024’ നടത്തും. പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങളും പരിഷ്‌കാരങ്ങളും ഇടപാടുകാരുടെ ഭാഗത്ത് നിന്ന് ശേഖരിക്കാനാണ് മീറ്റുകൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            