പരിവർത്തിത ക്രൈസ്തവ ശുപാർശിത കോർപറേഷന്റെ നവജീവൻ, ജീവാമൃതം പദ്ധതി
സംസഥാനതല പ്രഖ്യാപനം സെപ്റ്റംബർ അഞ്ചിന്
 
                                    കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പുതിയ പദ്ധതികളായ നവജീവൻ, ജീവാമൃതം' എന്നിവയുടെ സംസഥാനതല പ്രഖ്യാപനവും വിവിധ ആനുകൂല്യ വിതരണവും സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോട്ടയം ദർശന കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ പട്ടിക ജാതി പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. സഹകരണ, ദേവസ്വം, തുറമുഖം വകു പ്പുമന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി., തിരുവഞ്ചൂർരാധാകൃഷ്ണൻ എം.എൽ.എ., പിന്നോക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
തിരിച്ചടവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള വായ്പക്കാർക്ക് ഇളവുകൾ നൽകികൊണ്ട് വായ്പകൾ പുന:ക്രമീകരിക്കുന്നതിനും, റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വായ്പക്കാർക്ക് ഇളവുകൾ നൽകുന്നതിനുമുള്ള പുതിയ പദ്ധതികളാണ് 'നവജീവൻ', 'ജീവാമൃതം' എന്നിവ. തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ്/സ്‌റ്റൈപന്റ് വിതരണം,എസ്.എസ്.എൽ.സി., പ്ലസ്സ് ടു, ഡിഗ്രി, പി.ജി./പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നല്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം, മെഡി ക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനുള്ള ധനസഹായം എന്നിവയ്ക്കായുള്ള അപേക്ഷ സ്വീകരണം എന്നിവ ചടങ്ങിൽ നടക്കും.                         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            