പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്രം;
കേരളത്തിന് ₹ 145.60 കോടി
ന്യൂദല്‍ഹി:
പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്.
മഹാരാഷ്‌ട്രയ്‌ക്ക് ₹ 1492 കോടി, ആന്ധ്രപ്രദേശിന് ₹ 1036 കോടി, അസമിന് ₹ 716 കോടി, ബിഹാറിന് ₹ 655.60 കോടി, ഗുജറാത്തിന് ₹ 600 കോടി, ഹിമാചൽ പ്രദേശിന് ₹ 189.20 കോടി, കേരളത്തിന് ₹ 145.60 കോടി, മണിപ്പൂരിന് ₹ 50 കോടി, മിസോറമിന് ₹ 21.60 കോടി, നാഗാലാൻഡിന്ന് ₹ 19.20 കോടി, സിക്കിമിന് ₹ 23.60 കോടി, തെലങ്കാനയ്‌ക്ക് ₹ 416.80 കോടി, ത്രിപുരയ്‌ക്ക് ₹ 25 കോടി, പശ്ചിമ ബംഗാളിന് ₹ 468 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഈ സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് പ്രകൃതിദുരന്തം ബാധിച്ച സംസ്ഥാനങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കുകയാണ് കേന്ദ്രഗവണ്മെന്റ്.
കേരളത്തിനു പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (IMCT) അയച്ചു.
അടുത്തിടെ വെള്ളപ്പൊക്കം നാശം വിതച്ച ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ IMCTകളെ ഉടൻ അയക്കും. IMCT വിലയിരുത്തൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷം, വ്യവസ്ഥാപിത നടപടിക്രമം അനുസരിച്ച്, ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് NDRF-ൽ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കും.
ഈ വർഷം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലധികം രൂപ ഇതിനകം നൽകിക്കഴിഞ്ഞു. SDRF-ൽ നിന്ന് 21 സംസ്ഥാനങ്ങളിലേക്ക് നൽകിയ ₹ 9044.80 കോടിയും NDRF-ൽ നിന്ന് 15 സംസ്ഥാനങ്ങളിലേക്ക് നൽകിയ ₹ 4528.66 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് (SDMF) 11 സംസ്ഥാനങ്ങളിലേക്ക് നൽകിയ ₹ 1385.45 കോടിയും ഇതിൽ ഉൾപ്പെടുന്നു.സാമ്പത്തികസഹായത്തിനു പുറമേ, പ്രളയബാധിത സംസ്ഥാനങ്ങളിലെല്ലാം ആവശ്യമായ എൻഡിആർഎഫ് സംഘങ്ങൾ, സൈന്യവിഭാഗങ്ങൾ, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും കേന്ദ്രഗവണ്മെന്റ് നൽകിയിട്ടുണ്ട്