മദ്രസ ബോർഡുകൾ അടച്ച് പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിലാണ് 11 പേജുള്ള കത്ത്
ന്യൂഡൽഹി: മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ ഒക്ടോബർ പത്തിന് അയച്ച കത്തിലാണ് ആവശ്യം. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണമെന്നും മദ്രസ ബോർഡുകൾ അടച്ച് പൂട്ടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.
“വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിലാണ് 11 പേജുള്ള കത്ത്.
നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്ത് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിക്ക് തുടർച്ചയായിട്ടായിരുന്നു ഇത്.
2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ മദ്രസകള്‍ വരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. വിദ്യാഭ്യാസ അവകാശനിയമത്തില്‍ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവ ലഭിക്കുന്നില്ല എന്നിങ്ങനെയായിരുന്നു ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നത്.
ബാലവകാശ കമ്മിഷന്റെ നടപടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രംഗത്തെത്തി. അനധികൃത മായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ നടപടി എടുക്കുന്നതിന് പകരം കണ്ണടച്ചുള്ള നടപടി ശരിയല്ലെന്ന് എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.