രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ മുദ്ര ലോൺ പരിധി ഇരുപത് ലക്ഷമാക്കി ഉയർത്തി
ന്യൂഡൽഹി: യുവാക്കൾക്കും ലഘു സംരംഭകർക്കും ആശ്വാസം പകർന്ന് മുദ്ര ലോൺ പരിധി 20 ലക്ഷമായി ഉയർത്തി ബഡ്‌ജറ്റ് പ്രഖ്യാപനം. നേരത്തേ ഇത് പത്തുലക്ഷമായിരുന്നു. അതാണ് ഒറ്റയടിക്ക് ഇരുപതുലക്ഷമായി ഉയർത്തിയത്. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. ചെറുകിട ഇടത്തരം മേഖലയിലെ 50 മൾട്ടി-പ്രൊഡക്ട് യൂണിറ്റുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകളും ബഡ്ജറ്റിലുണ്ട്. .കൊള്ളപ്പലിശക്കാരിൽ നിന്ന് ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണ് മുദ്ര ലോൺ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിർമാണ, സേവന, വ്യാപാര മേഖലകളിൽ ഉള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കേരളത്തിൽ ഉൾപ്പടെ മുദ്ര ലോൺ പദ്ധതി പ്രയോജനപ്പെടുത്തിയത് ആയിരക്കണക്കിന് പേരാണ്.
പതിനെട്ട് വയസ് തികഞ്ഞ ആർക്കും ലോൺ ലഭിക്കാൻ അർഹതുണ്ടാവും. അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചശേഷമായിരിക്കും ലോൺ ലഭിക്കുക. ഉയർന്ന സിബിൽ സ്കോർ ഉള്ളവർക്ക് മുൻഗണന കിട്ടും. സംരംഭങ്ങൾ വരുമാന സാദ്ധ്യത ഉള്ളതായിരിക്കണം. അതു നടത്തുന്നതിന് ആവശ്യമായ കഴിവും പരിചയവും യോഗ്യതയും അപേക്ഷ നൽകുന്നയാൾക്ക് ഉണ്ടായിരിക്കുകയും വേണം.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ
അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ബഡ്ജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബഡ്‌ജറ്റ് ആണിത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തിയത്.