ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി

പാറത്തോട്: ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ പാറത്തോട് ഗ്രാമപഞ്ചായത്തിലെ പുളിക്കൽ നഗറിൽ നടത്തി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടേയും നേതൃത്വത്തിൽ ദുരന്ത സാധ്യത പരിഗണിച്ച് എടുക്കേണ്ട മുൻ കരുതലുകൾ ഡ്രില്ലിന്റെ ഭാഗമായി പരിശീലിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ തയാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീ- ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. പൊലീസ്, അഗ്നിരക്ഷ സേന, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, ജല വകുപ്പ്, പൊതുവിതരണ വിഭാഗം തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിൽ കാഞ്ഞിരപ്പള്ളി ലാൻഡ് റവന്യു തഹസിൽദാർ പി. എസ്. സുനിൽ കുമാർ, തഹസിൽദാർ കെ. എം. ജോസ്‌കുട്ടി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ടി.ഇ. സിയാദ്, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ഗ്രാമപഞ്ചായത്തംഗം ഡയസ് കോക്കാട്ട്, കില ഡി.ആർ.എം വിദഗ്ധൻ ഡോ: ആർ. രാജ്കുമാർ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, ഡി. എം പ്ലാൻ കോർഡിനേറ്റർ അനി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
റീ- ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പുളിക്കൽ നഗറിൽ ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തിയപ്പോൾ