ദുരിതബാധിതർക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം
Mental health services outside the district for the affected
ദുരിതബാധിതരിൽ കണ്ണടകൾ നഷ്ടപ്പെട്ട എല്ലാവർക്കും കണ്ണടകൾ ഉറപ്പാക്കി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ ദുരിതബാധിതർക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരിൽ ആവശ്യമായവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീർഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരിൽ കണ്ണടകൾ നഷ്ടപ്പെട്ട എല്ലാവർക്കും കണ്ണടകൾ ഉറപ്പാക്കി. ആരോഗ്യവകുപ്പ് നേത്ര പരിശോധന നടത്തിയാണ് കണ്ണടകൾ വിതരണം ചെയ്യുന്നത്. ഇതുവരെ 422 പേരെ പരിശോധിച്ചതിൽ 199 പേർക്ക് കണ്ണട ആവശ്യമുള്ളതായി കണ്ടെത്തി. അതിൽ എല്ലാവർക്കും കണ്ണട നൽകാനുള്ള നടപടി സ്വീകരിച്ചു.
മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസലിംഗും ഗ്രൂപ്പ് കൗൺസലിംഗും നൽകുന്നു. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 261 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗും 368 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 26 പേർക്ക് ഫാർമാക്കോ തെറാപ്പിയും നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.