വിജ്ഞാന കേരളത്തിന്റെ ആദ്യ തൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം
പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ബൃഹത്പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
![വിജ്ഞാന കേരളത്തിന്റെ ആദ്യ തൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം](https://akshayanewskerala.in/uploads/images/202502/image_870x_67b164409b4e7.jpg)
പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ബൃഹത്പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
വരും മാസങ്ങളിൽ മറ്റു ജില്ലകളിലും തൊഴിൽമേള
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ ആദ്യ മെഗാതൊഴിൽമേളയ്ക്ക് ആലപ്പുഴയിൽ തുടക്കം. ‘വിജ്ഞാന ആലപ്പുഴ’ എസ് ഡി കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്നു എന്നുറപ്പാക്കാൻ ബൃഹത് പദ്ധതി വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാന സമ്പദ്ഘടന സൃഷ്ടിക്കുന്നതിൽ ഇതിനകം കേരളം വലിയ പുരോഗതി നേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം കാലാനുസൃതമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും വിജ്ഞാന സാന്ദ്രമായ വ്യവസായങ്ങൾക്കും സേവനങ്ങൾക്കും ഊന്നൽ നൽകുന്നതും കാർഷിക മേഖലയെ നവീകരിക്കുന്നതും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് അവരുടെ യോഗ്യതകൾക്കും നൈപുണ്യങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ കൂടി ശ്രമിക്കുകയാണ്. സ്വകാര്യ മേഖലയിൽ അത്തരം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന ദൗത്യമാണ് കെ ഡിസ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. സന്നദ്ധപ്രവർത്തനവും പങ്കാളിത്ത സ്വഭാവവും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനകീയമായാണ് വിജ്ഞാന കേരളം പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിജയത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വവും നിരന്തരമായ ഇടപെടലുകളും അനിവാര്യമാണ്.
തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം, ഭാഷാ വൈഭവം, ആത്മവിശ്വാസം എന്നിവ ലഭ്യമാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദീകരിച്ചാണ് വിജ്ഞാന കേരളം പദ്ധതി മുന്നോട്ടു പോകുന്നത്. തൊഴിൽ മേളയിലൂടെ തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകരെയും ബന്ധപ്പെടുത്തുകയും അഭിമുഖത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്. പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും നൈപുണ്യ പരിശീലനം നൽകിയ ശേഷമാണ് തൊഴിൽ ലഭ്യമാക്കുന്നത്. അതിനുള്ള അവസരമാണ് സംസ്ഥാന സർക്കാരും കെ ഡിസ്കും ഒരുക്കുന്നത്. അടിസ്ഥാന വിഷയങ്ങളോടൊപ്പം നൈപുണി വികസന പരിശീലനവും കരിക്കുലത്തിൻ ഉൾപ്പെടുത്തുകയും സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ തൊഴിൽ മേളയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നുള്ള മാസങ്ങളിൽ മറ്റു ജില്ലകളിലും സംസ്ഥാന അടിസ്ഥാനത്തിലും കൂടുതൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യേക കലണ്ടർ തയ്യാറാക്കി മിനി ജോബ് ഫെയറുകൾ നടത്താനും പദ്ധതിയുണ്ട്. പ്രാദേശികമായ തൊഴിലവസരങ്ങളും എം എസ് എം ഇ മുഖേനയുള്ള തൊഴിൽ അവസരങ്ങളും പ്രദേശവാസികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽ മേളയുടെ ജില്ലാതല ഉദ്ഘാടനം ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. വിജ്ഞാന കേരളം സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തൊഴിൽ ലഭിച്ചവർക്കുള്ള ഉത്തരവുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
എച്ച് സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ഉപദേഷ്ടാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. തോമസ് ഐസക് വിജ്ഞാന കേരളം അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ്, കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സബ് കളക്ടർ സമീർ കിഷൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനൻ, മേരി ടെൽഷ്യ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് പി. പി. സംഗീത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബിനു ഐസക് രാജു, എം.വി. പ്രിയ, അഡ്വ ടി. എസ്. താഹ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, പി. എസ്. ഷാജി, അനന്തു രമേശൻ,വി. ഉത്തമൻ,എ. ശോഭ, സി. കെ. ഹേമലത, കെ. തുഷാര, നികേഷ് തമ്പി, പി. അഞ്ജു, ഗീതാ ബാബു,കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി. വി. ഉണ്ണികൃഷ്ണൻ, വിജ്ഞാന ആലപ്പുഴ ജില്ലാ കോ- ഓർഡിനേറ്റർ സി.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.