വീടുകൾ നിർമിച്ചു നൽകാൻ നിരവധി പേർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായ പ്രവാഹം
Many people to build houses; Aid flow to the Chief Minister's Relief Fund
ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. വി.ഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതിൽ ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗൺസിൽ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയൻമാരുടെ അലവൻസിൽ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റിൽ നിന്നുള്ള വിഹിതവും ചേർത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) ദുരിത ബാധിത കുടുംബങ്ങൾക്കായി 150 ഭവനങ്ങൾ നിർമ്മിച്ചു നൽകുകയോ അല്ലെങ്കിൽ അതിന്റെ തുക സർക്കാർ നൽകുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ നിർമിച്ചു നൽകും. ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകാൻ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ദുരിത ബാധിതർക്ക് വീടുകൾ വെച്ചുനൽകാൻ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവർത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു - മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.
ലിൻഡെ സൗത്ത് ഏഷ്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയിൽ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനായി വിട്ടുനല്കാമെന്ന് അറിയിച്ചു.
ചലചിത്ര താരം നയൻതാര 20 ലക്ഷം രൂപ നൽകി.
സിനിമാ നടൻ അലൻസിയർ 50,000 രൂപയും നൽകി.
കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപ നൽകി.
പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് - 50 ലക്ഷം രൂപ
നടൻ മോഹൻലാൽ സൈനിക വേഷത്തിൽ ദുരന്തമേഖലയിൽ എത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. മാധ്യമങ്ങൾ ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. വയനാടിൻറെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.