ഹെലികോപ്റ്റർ കടലിൽ പതിച്ചു, മലയാളി പൈലറ്റുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
വിപിൻ ബാബുവിന്റെ മൃതദേഹം ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കും

മാവേലിക്കര : ഗുജറാത്തിലെ പോർബന്തറിൽ രക്ഷാദൗത്യത്തിനിടെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ച ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ച് മൂന്ന് കോസ്റ്റ് ഗാർഡ് (ഐ.സി.ജി) ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. ഇവരിൽ മലയാളി പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമൻഡാന്റുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബുവും (39) ഉൾപ്പെടുന്നു.
തിങ്കൾ രാത്രിയായിരുന്നു അപകടം. 4 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു. പോർബന്തർ തീരത്തുനിന്ന് 45 കിലോമീറ്റർ അകലെ ഹരിലീല എന്ന മോട്ടോർ ടാങ്കറിൽ പരിക്കേറ്റു കിടന്ന ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയായിരുന്നു അപകടം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നാല് കപ്പലുകളും രണ്ടു വിമാനങ്ങളും സജ്ജമാക്കി. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരെ രക്ഷപ്പെടുത്തിയ കോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
വിപിൻ ബാബുവിന്റെ മൃതദേഹം ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. എയർഫോഴ്സ‌് റിട്ട.ഉദ്യോഗസ്‌ഥൻ പരേതനായ ആർ.സി.ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനായ വിപിൻ രണ്ടു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. കുടുംബസമേതം ഡൽഹിയിലാണ് താമസം. ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിട്ടറി നഴ്സ്, ഡൽഹി). മകൻ : സെനിത് (5). സഹോദരി: നിഷി ബാബു.