നിവിൻ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിൻറെ തിരക്കഥയിൽ ഡിജോ ജോസ് ആൻറണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ
മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് കഴിഞ്ഞദിവസം വിവിധ തിയേറ്ററുകളിലായി തൊണ്ണൂറിലധികം എക്സ്‍ട്രാ ഷോകളാണ് ലഭിച്ചത്.
നിവിൻ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിൻറെ തിരക്കഥയിൽ ഡിജോ ജോസ് ആൻറണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് കഴിഞ്ഞദിവസം വിവിധ തിയേറ്ററുകളിലായി തൊണ്ണൂറിലധികം എക്സ്‍ട്രാ ഷോകളാണ് ലഭിച്ചത്. റിലീസ് ദിനത്തിലും തുടർന്നുള്ള ദിവസവും നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തിയിരുന്നു. റിലീസായി നാലുദിനം പിന്നിടുമ്പോഴും ചിത്രം കാണാൻ പ്രായഭേദമന്യേ പ്രേക്ഷക പ്രവാഹമാണ് തിയേറ്ററുകളിലുള്ളത്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളിയുടെ ആത്മാഭിമാനവും മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായുള്ള ചേർത്തുപിടിക്കലുകളും ഏത് മരുഭൂമിയിലും പൊന്നുവിളയിക്കാനുള്ള മനക്കരുത്തുമൊക്കെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ലോകത്തുള്ള മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഒരു കംപ്ലീറ്റ് ഫൺ എൻറർടെയ്നറാണ് സിനിമയെന്നാണ് പ്രേക്ഷക അഭിപ്രായം.മുല്ലക്കര എന്ന കൊച്ചുഗ്രാമത്തിലെ മൈത്രി കോളനിയിലെ നിസ്സാര സംഭവവികാസങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്യുന്ന രീതിയിലേക്ക് മാറിമറിയുന്നതാണ് ചിത്രത്തിലുള്ളത്. കേരളത്തിൽ അടുത്തിടെ നടന്ന പല സംഭവങ്ങളിലേക്കും വിരൽചൂണ്ടുന്നുണ്ട് ചിത്രം. പ്രൊമോ ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ മുഴുനീള കോമഡി ചിത്രമായിരിക്കും എന്ന ധാരണ പ്രേക്ഷകർക്കിടയിൽ നൽകിയിരുന്നെങ്കിലും ഒരേ സമയം ചിരിയും ചിന്തയും ചിത്രത്തിലുണ്ട് എന്നാണ് പ്രേക്ഷാഭിപ്രായം.