കൊക്കോകായ പൊട്ടിച്ച് കുരു വേര്‍തിരിക്കാന്‍ യന്ത്രം: കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് പേറ്റന്‍റ്
കൊക്കോകായയുടെ പുറന്തോടു പൊട്ടിച്ച് കുരു വേര്‍തിരിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചു പേറ്റന്റ്
മണ്ണുത്തി : കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ മറ്റൊരു യന്ത്രം കൂടി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. കൊക്കോകായയുടെ പുറന്തോടു പൊട്ടിച്ച് കുരു വേര്‍തിരിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചു പേറ്റന്റ് നേടിയിരിക്കുകയാണ് സര്‍വകലാശാല. കൊക്കോ തോട് പൊട്ടിച്ച് കുരു എടുക്കുക എന്നതാണ് കൊക്കോ സംസ്‌കരണത്തിലെ പ്രാരംഭ ഘട്ടം. സാധാരണയായി വെട്ടു കത്തിയോ തടിക്കഷണമോ ഉപയോഗിച്ചാണ് കുരു വേര്‍തിരിക്കുന്നത്. ഇത് കായ്കള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും കൊക്കോകുരുവിന് കേടുപാട് ഉണ്ടാവുകയോ പൂപ്പല്‍ ബാധിക്കുകയോ ചെയ്യുന്നതിനിടയാക്കും.ഏറെ കായികാധ്വാനവും സമയവും വേണ്ടതും കൊക്കോ കര്‍ഷകര്‍ ഏറെ പ്രയാസം അനുഭവിക്കുന്നതും ആയ ഒരു പ്രക്രിയയാണിത്. ഇതിനു പരിഹാരമായി തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ പ്രോസസിംഗ് ആന്‍ഡ് ഫുഡ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ സംയോജിത കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്‌കീമില്‍ കൊക്കോ തോട് പൊട്ടിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാര്‍ഷിക സര്‍വ്വകലാശാല തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരായ ഡോ.രാജേഷ് ജി.കെ, വി.ശ്രീകാന്ത്, ശാന്തി മരിയ മാത്യു എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് യന്ത്രം വികസിപ്പിച്ചെടുത്തത്.