ഓണാവധി ആഘോഷിക്കാം ; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം
കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

കാഞ്ഞിരപ്പള്ളി : ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പാറകളിലൂടെ തട്ടിത്തഴുകിയൊഴുകുന്ന വെള്ളച്ചാട്ടം മനസ്സിന് കുളിർമ നൽകുന്നതാണ്.കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ദേശീയപാതയിൽനിന്ന് ഒരുകിലോമീറ്റർ മാറിയാണ് മനോഹരമായ വെള്ളച്ചാട്ടം. നിശ്ചലമായ മേൽത്തട്ടിൽനിന്ന് പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി വീണ് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് മേലരുവിയെ ആകർഷണീയമാക്കുന്നത്.ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മേലരുവിക്ക് മറ്റ് അരുവികളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ് എന്നതാണ് പ്രത്യേകത. തൊട്ടടുത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്തുനിന്നും ഒരുകിലോമീറ്റർ മാത്രമാണ് ഇവടേക്കുള്ള ദൂരം.
മേലരുവിയിൽ വികസനമുണ്ടായാൽ തേക്കടി, വാഗമൺ, പാഞ്ചാലിമേട് തുടങ്ങി കിഴക്കൻ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. മേയ് മുതൽ ഡിസംബർ വരെയുള്ള എട്ടുമാസക്കാലം ഇവിടെ വെള്ളച്ചാട്ടത്താൽ സമൃദ്ധമാണ്.
നിലവിൽ ഇവിടേക്ക് ഒരു സൂചനാബോർഡ് മാത്രമാണുള്ളത്. സഞ്ചാരികളെ ആകർഷിക്കാൻ ദേശീയപാതയിൽനിന്ന് തിരിയുന്നിടത്തും മറ്റ് ജങ്ഷനുകളിലും സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.