ലഹരിക്കെതിരേ ഒറ്റക്കെട്ടാകാൻ നാടൊരുങ്ങി
 
                                    കോട്ടയം: ലഹരിവിപത്തിനെതിരേ ഒറ്റക്കെട്ടായ പോരാട്ടത്തിന് നാടൊരുങ്ങി. ലഹരിക്കെതിരേയുള്ള സർക്കാർ നടപടികളുടെ ഭാഗമായി മെഗാറാലി അടക്കമുള്ള വിപുലമായ പ്രചാരണപരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമായി സഹകരണ-തുറമുഖം ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യരക്ഷാധികാരിയായും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളായും വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് ജില്ലാതല സംഘാടകസമിതി ചെയർമാൻ. ജില്ലാ സ്്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ ഡോ. ബൈജു വർഗീസ് ഗുരുക്കൾ ആണ് സമിതി ജനറൽ കൺവീനർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഉന്നതവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ആർ.ടി,.ഒ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എന്നിവർ കൺവീനർമാരാകും.
സംഘാടകസമിതി രൂപീകരണവുമായി ബന്ധപ്പെട്ടു ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരേയുള്ള ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു സ്‌കൂളുകൾക്കു സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സബ് കളക്ടർ ഡി. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് എക്‌സ്‌സൈസ് കമ്മിഷണർ എം. സൂരജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. കൃഷ്ണൻകുട്ടി, സ്്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയംഗം പി.ഐ. ബാബു, സബ് ഇൻസ്‌പെക്ടർമാരായ ഡി. ജയകുമാർ, ശാന്തി കെ. ബാബു, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി, താഹ മൗലവി, നാരായണൻ നമ്പൂതിരി, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
ഫോട്ടോക്യാപ്ഷൻ:
ലഹരിവിരുദ്ധ പ്രചാരണപരിപാടികളുടെ ഭാഗമായി ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ അസിസ്റ്റന്റ് എക്‌സ്‌സൈസ് കമ്മിഷണർ എം. സൂരജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            