കുവൈറ്റ് ദുരന്തം: മരണസംഖ്യ 50 ആയി
അറബ് ന്യൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.അതേസമയം, മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ പത്തരയോടെ കൊച്ചിയിലെത്തും. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.കേരളത്തിലെ 23 പേരുടെയും തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.