സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു കോട്ടയം ജില്ലയിൽ തുടക്കം

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ

Mar 15, 2025
സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു കോട്ടയം  ജില്ലയിൽ തുടക്കം
quality education

കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
 ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് അനുകരിക്കാൻ പറ്റിയ മാതൃകകൾ സൃഷ്ടിക്കാൻ സ്‌കൂൾ, കുടുംബ അന്തരീക്ഷങ്ങൾക്കു സാധിക്കണം.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിൽ വലിയതോതിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങളാണ് നടപ്പാക്കിയത്. എയ്ഡഡ് മേഖലയിലും പശ്ചാത്തല സൗകര്യ വികസനങ്ങൾക്കു സർക്കാർ സഹായം നൽകി. കോട്ടയം ജില്ലയിൽ മാത്രം ഒൻപതു സ്‌കൂളുകളാണ് തങ്ങളുടെ വിഹിതം കൂടി ചേർത്ത് സർക്കാർ ധനസഹായത്തോടെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കിയത്. അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടി ഉറപ്പാക്കുന്നതിലേക്കു സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്.
ഏട്ട്,ഒൻപത്,പത്തു ക്ലാസുകളിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസിനുള്ള സംവിധാനം ഒരുക്കണം. വിദേശത്തേക്കു പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ഇവിടെ തന്നെ തൊഴിൽ നൈപുണ്യപരിശീലനം നൽകി അവർ ആഗ്രഹിക്കുന്ന തൊഴിൽദായകരാകാൻ കഴിയുന്ന ഒരു വിജ്ഞാനസമ്പദ്്‌വ്യവസ്ഥ ഉയർത്തിക്കൊണ്ടുവരാനാകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മികവുകൾ അക്കാദമിക നേട്ടങ്ങളെന്ന നിലയിൽ മാറണമെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയെയും ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അക്കാദമിക മികവ് സമഗ്രമാക്കുന്നത്. ഈ ആശയത്തിലാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു സർക്കാർ രൂപം നൽകിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഡയറ്റ് പ്രിൻസിപ്പാൾ സഫീനാ ബീഗം, ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ എം.ആർ. സുനിമോൾ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ പങ്കെടുത്തു.


ഫോട്ടോക്യാപ്ഷൻ:

സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, എന്നിവർ സമീപം. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.