കോട്ടയം ജില്ലാ തല വാർത്തകൾ ,അറിയിപ്പുകൾ .....
Kottayam district level news, notifications.....
തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ്
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ഓണം മേള സെപ്റ്റംബർ 14 വരെ നടക്കും. ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. കോട്ടയം ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കോട്ടയത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൻ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമ-വ്യവസായ ഉൽപന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ,് സ്റ്റാർച്ച് എന്നിവ മേളകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റും ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനകൂപ്പണുകളും ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
(കെ.ഐ.ഒ.പി.ആർ. 1680/2024)
പാൽ ഗുണനിലവാര ബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരോൽപാദകർ, ഉപയോക്താക്കൾ എന്നിവർക്കായി ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും ചീപ്പുങ്കൽ ക്ഷീരസഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ബോധവൽക്കരണപരിപാടി ഓഗസ്റ്റ് ഒമ്പതിന് നടക്കും. രാവിലെ 10ന് ചീപ്പുങ്കൽ ക്ഷീരസഹകരണസംഘം ഹാളിൽ നടക്കുന്ന പരിപാടി അയ്മനം ഗ്രാമപഞ്ചായത്തംഗം മിനി ബൈജു ഉദ്ഘാടനം ചെയ്യും. ചീപ്പുങ്കൽ ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ. കൊച്ചുമോൻ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ധർ പരിപാടിയിൽ ക്ലാസെടുക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തും.
വാടകയ്ക്ക് വാഹനം
ആവശ്യമുണ്ട്
കോട്ടയം: സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2025 ഓഗസ്റ്റ് വരെ ഒരു വർഷത്തേക്ക് വാഹനം (ജീപ്പ് /കാർ)വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ്് രണ്ടിനകം ദർഘാസ് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9961124296.
വാടകയ്ക്ക് വാഹനം:
ടെണ്ടർ ക്ഷണിച്ചു
കോട്ടയം: വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് എ.സി. വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികൾ/ഏജൻസികളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 22 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2300955.
(കെ.ഐ.ഒ.പി.ആർ. 1683/2024)
പൊതുലേലം
കോട്ടയം: പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് (മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ്) തലയോലപ്പറമ്പ് ശാഖയിലെ ജപ്തി ചെയ്ത് ഏറ്റെടുത്തിട്ടുള്ള ജംഗമങ്ങൾ ഓഗസ്റ്റ് 22ന് രാവിലെ 11 ന് പൊതുലേലം ചെയ്യുമെന്ന് വൈക്കം തഹസിൽദാർ അറിയിച്ചു. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് (മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ്) തലയോലപ്പറമ്പ് ശാഖയിലെ സ്ഥാപനത്തിൽവച്ചാണ് ലേലം. വിശദവിവരത്തിന് ഫോൺ: 04829 231331.
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് കോളജ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763. വെബ്സൈറ്റ് :www.rit.ac.in
ബോധവൽക്കരണ സെമിനാർ നടത്തി
കോട്ടയം: സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ റേഷൻകട ലൈസൻസികൾക്കായി ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ താലൂക്കുകളിൽ നടന്ന പരിപാടികളിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം അഡ്വ. സബിതാ ബീഗം ക്ലാസെടുത്തു. 2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നിലവിൽ വന്നതിനുശേഷം റേഷൻവിതരണരംഗത്ത് വന്ന മാറ്റത്തെക്കുറിച്ചും സിവിൽ കോടതിയുടെ അധികാരമുള്ള സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ അധികാരത്തെക്കുറിച്ചും ബോധവൽക്കരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്ജ്, താലൂക്ക് സപ്ലൈ ഓഫീസർമാരായ അഭിജിത്, തരുൺ തമ്പി, റ്റി. അജി, സജനി എന്നിവർ പങ്കെടുത്തു. ജില്ലയിലെ അഞ്ചു താലൂക്കുകളിലായി നടന്ന പരിപാടിയിൽ റേഷൻ കട ലൈസൻസികൾ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഭക്ഷ്യ കമ്മിഷനംഗത്തെ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ. 1675/2024)
സ്വീപ്പർ ഒഴിവ്:
അഭിമുഖം
കോട്ടയം: കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു. പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. താൽപര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0481-2961775.
(കെ.ഐ.ഒ.പി.ആർ. 1677/2024)
ദേശീയ കൈത്തറി ദിനാചരണം:
തൊഴിലാളികളെ ആദരിച്ചു
കോട്ടയം: ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നെയ്ത്ത് തൊഴിലാളികളെ ആദരിച്ചു. ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിർന്ന തൊഴിലാളികളെയും ഉൽപന്ന നിർമ്മാണത്തിൽ മികവ് കാണിച്ച തൊഴിലാളികളെയുമാണ് ആദരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് തൊഴിലാളികൾക്കായി നേത്രക്യാമ്പ് നടത്തുകയും അർഹരായവർക്ക് കണ്ണട വിതരണം ചെയ്യുകയും ചെയ്തു.