രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്ര മന്ത്രി കിരൺ റിജിജു

കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം(പിഎംജെവികെ)മിൻ്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു
കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പിൽ കേരളം ഏറെ മുന്നിൽ
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ല എന്നത് വ്യാജ പ്രചരണം
തിരുവനന്തപുരം : 2025 മാർച്ച് 06
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി ശ്രീ കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പി എം ജെ വി കെ) മിൻ്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികൾ കേരളം വളരെ മികച്ച നിലയിലാണ് നടപ്പാക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി നടത്തിപ്പിൽ കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
പദ്ധതി നടത്തിപ്പിനാവശ്യമായ പിന്തുണയും ധനസഹായവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് എപ്പോഴുമുണ്ടാകും. സബ് കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ന്യൂനപക്ഷ മന്ത്രാലയത്തിന് മതിയായ ബജറ്റ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തീകരണ റിപ്പോർട്ട് കേരളം സമയബന്ധിതമായി സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ല എന്ന് ചിലർ വ്യാജ പ്രചാരണം നടത്തുന്നു. ഈ വാദം ശരിയല്ല. ലോകത്ത് ഇന്ത്യയിൽ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത്. ഭൂരിപക്ഷത്തിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ന്യൂനപക്ഷത്തിനും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ മുൻകൂട്ടി ആരംഭിച്ചു. ഹജജ് തീർത്ഥാടകരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ പ്രൊഫഷണലായ രീതിയിലാകും ഇക്കുറി ഹജ്ജ് പരിപാടി നടത്തുക എന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവയിൽ പിഎംജെവികെ സവിശേഷ ശ്രദ്ധ പുലർത്തുന്നതായി ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ പദ്ധതി പ്രകാരം ഒൻപത് ലക്ഷം യൂണിറ്റുകളിലായി 25000 കോടി രൂപ നൽകിയതായും 350 യൂണിറ്റുകളിലായി കേരളത്തിൽ 283 കോടി അനുവദിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി പ്രകാരം 2017 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രം 80 പദ്ധതികൾ അനുവദിച്ചതായും ഇതിൽ 43 എണ്ണം പൂർത്തീകരിച്ചതായും ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നേരത്തേ അംഗീകരിച്ച പദ്ധതികളിൽ പദ്ധതി വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത വിഷയം സംസ്ഥാന ഗവൺമെന്റ് പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, മത്സ്യഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചടങ്ങിൽ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ചെക്കുകളും വിതരണം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന മേഖലാ അവലോകന യോഗത്തിൽ ദക്ഷിണ മേഖല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സി എം ഡി ഡോ. ആഭാ റാണി സിംഗ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി റാം സിംഗ് കൃതജ്ഞത പറഞ്ഞു.