കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്‌കാരം പ്രഖ്യാപിച്ചു
വൈജ്ഞാനികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം നൽകാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം

തിരുവനന്തപുരം : വൈജ്ഞാനികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം നൽകാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം (ശാസ്‌ത്രേതരം), എം.പി കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നീ വൈജ്ഞാനിക പുരസ്‌കാരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിത ദിനത്തിൽ സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭയിലെ മീഡിയ റൂമിൽ വച്ച് പ്രഖ്യാപിച്ചു. ഡോ. ഗോപകുമാർ ചോലയിൽ (കൃതി - ഉരുകുംകാലം: അതിതാപനവും അതിജീവനവും, പ്രസാധകർ: കറന്റ് ബുക്‌സ്, തൃശൂർ), ഡോ. ഇന്ദുലേഖ കെ . എസ് (ഗവേഷണ പ്രബന്ധം: ശില്പകലയും സംസ്‌കാരചരിത്രവും: കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുളള പഠനം (ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവലാശാല-കാലടി), ആർ. പാർവതിദേവി (വിവർത്തനകൃതി-റീത്തയുടെ പാഠങ്ങൾ: ഓർമ്മക്കുറിപ്പുകൾ 1975-1985, പ്രസാധകർ: ചിന്ത പബ്ലിഴേസ്, മൂലകൃതി : ആൻ എഡ്യുക്കേഷൻ ഫോർ റീത്ത : എ മെമ്മയർ 1975-1985- ബൃന്ദ കാരാട്ട്) എന്നിവർ യഥാക്രമം അർഹരായി. ഓരോ ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. അമ്പതിനായിരം രൂപ ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരത്തിന് (ശാസ്‌ത്രേതരം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി. ആർ. ഒ. റാഫി പൂക്കോം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പുരസ്‌കാരം ഒക്ടോബർ മാസം ആദ്യം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി/പോസ്റ്റ് പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് വിദഗ്ദ്ധരും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ജൂറികളാണ് വിധിനിർണയം നടത്തിയിട്ടുളളത്.
തിരൂർ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല മുൻ വൈസ് ചാൻസിലറായ പ്രൊഫ. (ഡോ.) സുഷമ എൽ ചെയർപേഴ്‌സണും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും റിട്ടയേർഡ് പ്രൊഫസറുമായ ഡോ. പി കെ പോക്കർ, എസ്. സി. എം. എസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസ് & ബയോ ടെക്‌നോളജിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സേതുലക്ഷ്മി സി എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം വിധി നിർണയം നടത്തിയത്.
മലബാർ ക്രിസ്ത്യൻ കോളെജിലെ റിട്ടയേർഡ് പ്രൊഫ.(ഡോ.)കെ.വി.തോമസ് ചെയർപേഴ്‌സണും, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസിലെ റിട്ടയേർഡ് പ്രൊഫ.ഡോ.ആന്റണി പാലക്കൽ, ബാലുശ്ശേരി ഗവ. കോളെജിലെ റിട്ടയേർഡ് പ്രൊഫ.ഡോ.സി.ജെ ജോർജ്ജ് എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം, മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം വിധി നിർണയം നടത്തിയത്.
കോട്ടയം സ്‌കൂൾ ഓഫ് ലറ്റേഴ്‌സ്, മഹാത്മ ഗാന്ധി സർവകലാശാല മുൻഡയറക്ടറായ പ്രൊഫ.(ഡോ.)കെ.എം.കൃഷ്ണൻ ചെയർപേഴ്‌സണും, കാസറഗോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഡിപ്പാർട്ട്‌മെന്റ് ഇംഗ്ലീഷ് & കംപാരിറ്റീവ് ലിറ്ററേച്ചർ മേധാവിയായ ഡോ.ജോസഫ് കോയിപ്പളളി ജോസഫ്, വൈജ്ഞാനിക എഴുത്തുകാരിയും വിവർത്തകയുമായ ഡോ.ആശാലത എന്നിവർ മെമ്പർമാരും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് എം. പി കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം വിധി നിർണയം നടത്തിയത്.