അപകോളനീകരണം ലക്ഷ്യമിട്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 : ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
വികസിത് ഭാരത് യൂത്ത് പാർലമെന്റ് സംസ്ഥാനതല മത്സരം ഗവർണർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം : 2025 മാർച്ച് 25
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കോളോണിയൽ ചിന്തകളിൽ നിന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ ഗൗരവകരമായ ശ്രമമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതൻ തിരുവനന്തപുരം കാര്യവട്ടം സായ് ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് സംസ്ഥാന തല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ ആത്മാവുമായി നമ്മെ ബന്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാർ വരുമ്പോൾ 89% ആയിരുന്ന സാക്ഷരത നിരക്ക് ബ്രിട്ടീഷുകാർ പോയപ്പോൾ 24% എന്ന നിലയിൽ എത്തിയെന്നും ഗവർണർ പറഞ്ഞു. സാമ്പത്തിക പുരോഗതി മാത്രമല്ല രാജ്യത്തിന്റെ സമഗ്ര വികസനമാണ് വികസിത ഭാരതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്ന യുവതലമുറയുടെ സമ്പൂർണ്ണ വികസനം എന്നതാണ് വികസിത ഭാരതം എന്നത് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ഒരു ലക്ഷം യുവജനങ്ങളെ നേതൃ നിരയിലേക്ക് കൊണ്ട് വരുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു. നല്ല ഉദ്ദേശങ്ങൾ നല്ല നേതൃത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പമാണ് നമ്മുടെ രാജ്യത്തിൻ്റെ വികസന യാത്രയുടെ കാതൽ. അത് തന്നെയാണ് നമ്മെ മുന്നോട്ട് കൊണ്ടു പോകുന്നതും.നമ്മുടെ രാജ്യം ലോകത്ത് ഒന്നാമതാകണം എന്നതാണ് വികസിത ഭാരതത്തിനായുള്ള കാഴ്ചപ്പാട്. യുവതയാണ് രാജ്യത്തിന്റെ നിർമാതാക്കളും, നേതാക്കളും, ജേതാക്കളെന്നും എന്ന് ഗവർണർ പറഞ്ഞു.
നാലു ജില്ലകളിലായി നടന്ന ജില്ലാ തല മത്സരത്തിൽ വിജയിച്ച 40 വിജയികൾ സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചു. സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ ഏപ്രിൽ 1 ,2, 3 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പരിപാടിയിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെയും കേരള യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ.മോഹനൻ കുന്നുമ്മൽ , എൽ.എൻ. സി.പി പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി കിഷോർ, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽ കുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ശ്രീമതി പാർവ്വതി വി,നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ, സെൻട്രൽ ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി എന്നിവർ പങ്കെടുത്തു.