ഹരിത ഹൈഡ്രജൻ - ഹരിത അമോണിയ ഉത്പാദനത്തിന് കേരളം : വിഴിഞ്ഞത്തും കൊച്ചിയിലും 72,760 കോടിയുടെ നിക്ഷേപം
തിരുവനന്തപുരം : വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാൻ 72,760 കോടിയുടെ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ച് നാലു പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന റിന്യൂ പവർ, ലീപ്പ് എനർജി, എച്ച്.എൽ.സി., എൻഫിനിറ്റി എന്നീ കമ്പനികളാണ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി മുന്നോട്ടുവന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജനും അമോണിയയും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. 25% വരെ മൂലധന സബ്‌സിഡി വാഗ്ദാനമുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത ഹൈഡ്രജൻ കരടുനയത്തിൽ ആകൃഷ്ടരായാണ് കമ്പനികൾ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്. ഓരോ പദ്ധതിക്കും 275 കോടി രൂപ സബ്സിഡിയും വൈദ്യുതി ഡ്യൂട്ടിയിൽനിന്ന് 25 വർഷത്തെ ഇളവും ഉൾപ്പെടെയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നയത്തിന് അംഗീകാരം ലഭിച്ചാൽ പദ്ധതിയിൽ തീരുമാനമാകും.
നാലു പദ്ധതികളാണ് പരിഗണനയിലുള്ളത്. പദ്ധതികൾക്കായി തുറമുഖങ്ങളോട് ചേർന്നുള്ള 30 ഏക്കർ മുതൽ 300 ഏക്കർ വരെ ഭൂമി കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കിഴക്കൻ മേഖലകളിലെ നഷ്ടത്തിലായ തേയില പ്ലാൻ്റേഷൻ ഭൂമി ഇതിനായി വിനിയോഗിക്കാൻ കഴിയുമോയെന്നതും സർക്കാരിൻ്റെ ആലോചനയിലുണ്ട്. എൻഫിനിറ്റി 44,025 കോടിയുടെ നിക്ഷേപനിർദേശമാണ് മുന്നോട്ടുവെച്ചത്. കൊച്ചിയിൽ പദ്ധതിക്കായി 100 ഏക്കർ ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. റിന്യൂ പവർ 26,400 കോടിയുടെ നിക്ഷേപം നടത്തും. പദ്ധതിക്കായി വിഴിഞ്ഞത്ത് 310 ഏക്കർ ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്.എൽ.സി. 8,763 കോടിയുടെ നിക്ഷേപമാകും നടത്തുക. 30-40 ഏക്കറോളം ഭൂമിയും ആവശ്യപ്പെട്ടു. ലീപ്പ് എനർജി 4,511 കോടി രൂപയുടെ നിക്ഷേപം നടത്തും. വിഴിഞ്ഞത്ത് 150 ഏക്കറോളം വരുന്ന ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണഘട്ടത്തിൽ 30,000-ത്തോളവും പ്രവർത്തനഘട്ടത്തിൽ ഏഴായിരത്തോളവും തൊഴിലവസരങ്ങളുമാണ് കമ്പനികളുടെ വാഗ്ദാനം.