കെസിഎല്‍ ;ആലപ്പി റിപ്പിള്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് കൊല്ലം സെയ്ലേഴ്സിന് വിജയം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പി 16.3 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് കൊല്ലം സെയ്ലേഴ്സിന് വിജയം. സ്കോര്‍: ആലപ്പി റിപ്പിള്‍സ് 95/10, കൊല്ലം സെയ്ലേഴ്സ് 96/2. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പി 16.3 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്തായി.നാല് വിക്കറ്റ് നേടിയ ഷറഫുദീന്‍, മൂന്ന് വിക്കറ്റ് നേടിയ ബിജു നാരായണന് എന്നിവരാണ് റിപ്പിള്‍സിനെ തര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 13.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. റിപ്പിള്‍സിന്റെ രണ്ടാം തോല്‍വിയാണിത്. റിപ്പിള്‍സിന് വേണ്ടി 29 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.അക്ഷയ് ചന്ദ്രന് (16), ആല്‍ഫി ഫ്രാന്‍സിസ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. ചെറിയ വിജലക്ഷ്യവുമായി ക്രീസിലെത്തിയ കൊല്ലത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. അഭിഷേക് നായർ (8), അരുണ്‍ പൗലോസ് (22) എന്നിവർ പെട്ടന്ന് കൂടാരം കയറി.എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി (40), വത്സല്‍ ഗോവിന്ദ് (18) സഖ്യം സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചു. നാലു വിക്കറ്റെടുത്ത കൊല്ലത്തിന്റെ എന്‍.എം.ഷറഫുദ്ദീനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഏരീസ് കൊല്ലം സെയ്ലേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. രണ്ട് തോൽവി ഉൾപ്പടെ നാലു പോയിന്റുമായി ആലപ്പി റിപ്പിൾസ് രണ്ടാം സ്ഥാനത്തുണ്ട്.