കാസർകോട് ഗവ. കോളേജിൽ ജിയോളജി മ്യൂസിയം
ജിയോളജി പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിലൂടെ വിദ്യാര്‍ഥികളും അധ്യാപകരും ശേഖരിച്ചതുമായ സാമ്പിളുകളാണ് മ്യൂസിയത്തിലുള്ളത്.
കാസര്‍കോട്: സ്വര്‍ണത്തിന്റെ അംശമുള്ള ഓറിഫറസ് ക്വാര്‍ട്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ച ശിലകള്‍. പലതരം ധാതുക്കളും ഫോസിലുകളും. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഇവയെല്ലാം കാസര്‍കോട് ഗവ. കോളേജിലുണ്ട്. ജിയോളജി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മ്യൂസിയമാണ് ഭൗമശാസ്ത്ര പഠനത്തില്‍ തത്പരരായവരെ ആകര്‍ഷിക്കുന്നത്.രാജ്യത്തിനകത്തും പുറത്തുനിന്നും ശേഖരിച്ച ലാവയില്‍നിന്ന് രൂപപ്പെട്ട ആഗ്നേയശിലകള്‍, കായാന്തരിതശിലകള്‍, അവസാദശിലകള്‍ എന്നിവയുടെ വലിയ ശേഖരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മികച്ച ഫോസിലുകളുടെ ശേഖരവുമുണ്ട്. ജിയോളജി പഠനത്തില്‍ അത്യാവശ്യമായതിനാല്‍ ഈ പ്രദര്‍ശന വസ്തുക്കള്‍ക്ക് മൂല്യമേറെയാണ്. ശിലകളുടെ പഠനത്തിലും ഭൂമിയിലെ പാളികളെപ്പറ്റിയുള്ള പഠനത്തിലും ഫോസിലുകള്‍ പ്രധാനമാണ്.ഫോസിലുകളുടെ സാന്നിധ്യം ശിലകളിലും പാളികളിലും കാണുന്നതനുസരിച്ച് ശിലകളുടെ പ്രായം ഗണിച്ച് പറയാന്‍ ജിയോളജിസ്റ്റുകള്‍ക്ക് കഴിയുന്നു. 1962 മുതല്‍ വിവിധ പദ്ധതികളിലായി വാങ്ങിയതും എല്ലാ വര്‍ഷത്തെയും ജിയോളജി പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിലൂടെ വിദ്യാര്‍ഥികളും അധ്യാപകരും ശേഖരിച്ചതുമായ സാമ്പിളുകളാണ് മ്യൂസിയത്തിലുള്ളത്.പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനില്‍ കുമാര്‍, ജിയോളജി വിഭാഗം അധ്യാപകന്‍ ഡോ. എ.എല്‍. അനന്തപദ്മനാഭ, വകുപ്പ് മേധാവി ഡോ. എ.എന്‍. മനോഹരന്‍, അധ്യാപകരായ പി.ആര്‍. സുരാജ്, ഡോ. എ. ഗോപിനാഥന്‍ നായര്‍, ഡോ. ജി.എസ്. സൗമ്യ, ആസിഫ് ഇഖ്ബാല്‍ എന്നിവരാണ് മ്യൂസിയം തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യാഴാഴ്ച മ്യൂസിയം ഉദ്ഘാടനം ചെയ്യും.