കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കും

ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു

Jul 17, 2025
കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കും
v n vasavan minister

കർക്കിടക വാവ് ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം ആഡിറ്റോറിയത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്നും ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബലിതർപ്പണത്തിന് ഇക്കൊല്ലം ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.മുൻ വർഷത്തെപ്പോലെ പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ഇത്തവണയും ലക്ഷ്യം. ഇതിനായി എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. തിരുവല്ലം ക്ഷേത്രത്തിന് സമീപം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്‌കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ഇടപെടണം. ബലിതർപ്പണത്തിനായി എത്തുന്നവർക്ക് ആവശ്യമായ വെള്ളം, മറ്റ് അടിസ്ഥാന ക്രമീകരണങ്ങൾ എന്നിവ ദേവസ്വം ബോർഡ് ഉറപ്പാക്കക്കണം. രാത്രിയിൽ ആളുകൾ എത്തുന്നത് പരിഗണിച്ച് എല്ലാ സ്ഥലത്തും ആവശ്യമായ വിളക്കുകളും വെളിച്ചവും കെ.എസ്.ഇ.ബി ഉറപ്പാക്കണം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള താമസസൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള പരാതികൾ പരിഹരിക്കും. ശംഖുമുഖത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോട്ടുകൾ മാറ്റുന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള സംവിധാനം ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഒരുക്കണം. ആവശ്യമായ ഇടങ്ങളിൽ സ്‌കൂബ സംഘങ്ങളെയും ലൈഫ് ഗാർഡുകളെയും പോലീസിനെയും വിന്യസിക്കണം. ആരോഗ്യ വകുപ്പിന്റെ മൊബൈൽ ടീമും സി.പി.ആർ. സൗകര്യങ്ങളോടുകൂടിയ പ്രധാനപ്പെട്ട സെന്ററും ബലിതർപ്പണ പരിസരത്ത് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ബലിതർപ്പണ കേന്ദ്രങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം ഉണ്ടാകാതിരിക്കാൻ നഗരസഭയും പൊലീസും ഗൗരവമായി ഇടപെടണം. തിരുവല്ലം ക്ഷേത്രപരിസരത്തെ മഴവെള്ളക്കെട്ട് ഒഴിവാക്കാൻ ഇറിഗേഷൻ വകുപ്പ് നടപടികൾ സ്വീകരിക്കണം. ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട് തിളപ്പിച്ചാറ്റിയ  വെള്ളം വിതരണം ചെയ്യണം. തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ  ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കും. ബലിതർപ്പണ കേന്ദ്രങ്ങളിലെ താൽകാലിക ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകളുടെ സുരക്ഷ ഇലക്ട്രിക്കൽ ഇൻസ്‌പെക്ലേറ്റ് ഉറപ്പാക്കണം. കർക്കിടക വാവ് ദിവസം രാവിലെ മുതൽ ഉച്ച വരെ മദ്യശാലകൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യ സംസ്‌കരണം. റോഡുകളുടെ അറ്റകുറ്റപ്പണികൾ. പാർക്കിംഗ് സൗകര്യങ്ങൾ ബയോ ടോയ്ലറ്റുകളുടെ വിന്യാസം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കടിവെള്ള വിതരണത്തിനായി ആവശ്യമെങ്കിൽ ടാങ്കറുകളുടെ വിന്യാസം തുടങ്ങിയ വിപുലമായ ഒരുക്കങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളും ജില്ലാ ഭരണകൂടങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിവിധ വകുപ്പുകളിലെ ഉന്നത ഉദോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.