കരിമ്പ് കർഷകർക്ക് പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായവും ആദായകരവുമായ വിലയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
കരിമ്പ് കർഷകർക്ക് ന്യായവും ആദായകരവുമായ വിലയായി ക്വിന്റലിന് 355 രൂപ അംഗീകരിച്ചു

കരിമ്പ് കർഷകർക്ക് ന്യായവും ആദായകരവുമായ വിലയായി ക്വിന്റലിന് 355 രൂപ അംഗീകരിച്ചു
5 കോടി കരിമ്പ് കർഷകർക്കും അവരുടെ ആശ്രിതർക്കും, പഞ്ചസാര മില്ലുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികൾക്കും ഈ തീരുമാനം പ്രയോജനപ്പെടും
ന്യൂഡൽഹി : 2025 ഏപ്രിൽ 30
കരിമ്പ് കർഷകരുടെ (ഗന്നകിസാൻ) താൽപ്പര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 2025-26 ലെ പഞ്ചസാര സീസണിലെ (ഒക്ടോബർ - സെപ്റ്റംബർ) കരിമ്പിന്റെ ന്യായവും ആദായകരവുമായ വിലയ്ക്ക് (FRP) അംഗീകാരം നൽകി. 10.25% അടിസ്ഥാന റിക്കവറി നിരക്കിൽ ക്വിന്റലിന് 355 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. 10.25% ൽ കൂടുതൽ റിക്കവറിയിലെ ഓരോ 0.1% വർദ്ധനവിനും ക്വിന്റലിന് 3.46 രൂപയുടെ പ്രീമിയം നൽകുന്നതിനും, കൂടാതെ റിക്കവറിയിലെ ഓരോ 0.1% കുറവിനും FRPയിൽ നിന്ന് ക്വിന്റലിന് 3.46 രൂപ എന്ന നിരക്കിൽ കുറവ് വരുത്തുവാനും യോഗത്തിൽ തീരുമാനമായി.
എന്നിരുന്നാലും, കരിമ്പ് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി, 9.5% ൽ താഴെ റിക്കവറി ലഭിക്കുന്ന പഞ്ചസാര മില്ലുകളുടെ കാര്യത്തിൽ ഒരു കിഴിവും വേണ്ടെന്നും ഗവൺമെന്റ് തീരുമാനിച്ചു. അത്തരം കർഷകർക്ക് 2025-26 ലെ അടുത്ത പഞ്ചസാര സീസണിൽ കരിമ്പിന് ഒരു ക്വിന്റലിന് 329.05 രൂപ ലഭിക്കും.
2025-26 ലെ പഞ്ചസാര സീസണിലെ കരിമ്പിന്റെ ഉൽപാദനച്ചെലവ് (A2 +FL) ക്വിന്റലിന് 173 രൂപയാണ്. 10.25% റിക്കവറി നിരക്കിൽ ക്വിന്റലിന് 355 രൂപ എന്ന ഈ എഫ്ആർപി ഉൽപ്പാദന ചെലവിനേക്കാൾ 105.2% കൂടുതലാണ്. 2025-26 ലെ പഞ്ചസാര സീസണിലെ എഫ്ആർപി നിലവിലെ 2024-25 ലെ പഞ്ചസാര സീസണിനേക്കാൾ 4.41% കൂടുതലാണ്.
2025-26 ലെ പഞ്ചസാര സീസണിൽ (2025 ഒക്ടോബർ 1 മുതൽ) പഞ്ചസാര മില്ലുകൾ കർഷകരിൽ നിന്ന് കരിമ്പ് വാങ്ങുന്നതിന് അംഗീകരിച്ച എഫ്ആർപി ബാധകമായിരിക്കും. കാർഷിക തൊഴിൽ, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടാതെ, ഏകദേശം 5 കോടി കരിമ്പ് കർഷകരുടെയും അവരുടെ ആശ്രിതരുടെയും പഞ്ചസാര മില്ലുകളിൽ നേരിട്ട് ജോലി ചെയ്യുന്ന ഏകദേശം 5 ലക്ഷം തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന ഒരു പ്രധാന കാർഷികാധിഷ്ഠിത മേഖലയാണ് പഞ്ചസാര മേഖല.