പുരാരേഖാ സംരക്ഷണ, നിർവഹണ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും
തിരുവനന്തപുരം:2024-25 വർഷത്തെ പുരാരേഖാ സംരക്ഷണ, നിർവഹണ പദ്ധതികളുടെ ഉദ്ഘാടനം പുരാരേഖാ, പുരാവസ്തു ,മ്യൂസിയം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നളന്ദയിലെ പുരാരേഖ അധ്യക്ഷ കാര്യാലയത്തിൽ ഒക്ടോബർ 23 (23/10/24) രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും. മുളക്കരണങ്ങൾ, ചെപ്പേടുകൾ, താളിയോലരേഖകൾ, കടലാസ് രേഖകൾ തുടങ്ങി വൈവിധ്യമാർന്ന മാധ്യമങ്ങളിൽ ഖേപ്പെടുത്തിയിട്ടുളള ചരിത്രരേഖളുടെ സംരക്ഷണവും ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. വകുപ്പിന്റെ കൈവശമുള്ള അപൂർവ്വരേഖകളുടെ സംരക്ഷണം ലക്ഷ്യമാക്കി നടത്തി വരുന്ന വിവിധങ്ങളായ ശാസ്ത്രീയ സംരക്ഷണ പദ്ധതികൾക്കും തുടക്കമാകും. രേഖകളുടെ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി വിഷയ സൂചിക തയ്യാറാക്കുന്ന പദ്ധതികളുടെ പ്രവർത്തനങ്ങളും ആരംഭിക്കും.
കോർപ്പറേഷൻ കൗൺസിലർമാരായ ഡോ.റീന കെ എസ്, പാളയം രാജൻ, പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി എസ് മഞ്ജുളാ ദേവി, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, ആർക്കിവിസ്റ്റ് ആർ അശോക് കുമാർ എന്നിവർ സംബന്ധിക്കും.അത്യപൂർവമായ താളിയോലരേഖകളും വിലമതിക്കാനാകാത്ത ചരിത്രരേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്കു വേണ്ടി സൂക്ഷിക്കുന്ന സർക്കാർ സ്ഥാപനമാണ് സംസ്ഥാന പുരാരേഖാ വകുപ്പ്.