ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾ മലയോര ജനതയ്ക്ക് ആശ്വാസമാകും: മന്ത്രി കെ രാജൻ

960ലെ ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം ലഭിച്ചതിലൂടെ ഏറെക്കാലമായി മലയോര ജനതയെ ബാധിച്ചിരുന്ന പട്ടയ നിയമപ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരമാകുമെന്ന് റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
13 റൂളുകൾ മാത്രമുള്ള ചട്ടമാണ് ഭേദഗതി ചെയ്തത്. വീടുകൾ, പൊതുകെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 3000 സ്‌ക്വയർ ഫീറ്റ് വരെ വരുന്ന കമേഴ്‌സ്യൽ കെട്ടിടങ്ങൾ എന്നിവ ഡീംഡ് റെഗുലറൈസേഷനിലൂടെ അപേക്ഷാ ഫീസോ സർവേ നടപടിക്രമങ്ങളോ ഇല്ലാതെ തന്നെ റെഗുലറൈസ് ചെയ്യപ്പെടും.
ഓൺലൈനായാണ് അപേക്ഷാ നടപടിക്രമം. പേര്, താലൂക്ക്, തണ്ടപ്പേര് എന്നിവ നൽകുമ്പോൾ ഭൂമിയുടെ മുഴുവൻ വിവരങ്ങളും ലഭിക്കും. 90 ദിവസത്തിനുള്ളിൽ മറുപടി ലഭിക്കാത്ത പക്ഷം സ്വയം റെഗുലറൈസ് ചെയ്തതായി കണക്കാക്കും. ലളിതമായ അപേക്ഷാ പ്രക്രിയയാണ് ഒരുക്കിയിട്ടുള്ളത്. അപേക്ഷ തള്ളാൻ കഴിയില്ല. 30 ദിവസത്തിനുള്ളിൽ തിരിച്ചു നൽകണം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കാർഷിക, ആരാധനാലയ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ സൗജന്യമായി റെഗുലറൈസ് ചെയ്യും. 3000 മുതൽ 5000 സ്‌ക്വയർ ഫീറ്റ് വരെയുള്ള കമേഴ്‌സ്യൽ കെട്ടിടങ്ങൾക്ക് ഫെയർ വാല്യൂവിന്റെ 5 ശതമാനവും ആശുപത്രികൾക്കും 5000 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കും 10 ശതമാനവുമാണ് ഫീസ്.
സിആർഇസഡ്, ഇഎഫ്എൽ, നെൽവയൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട ഭൂമി എന്നിവയ്ക്ക് റെഗുലറൈസേഷൻ ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി