കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണം ;രാഷ്ട്രപതിക്ക് നിവേദനം നൽകി കെ ആർ നാരായണൻ ഫൗണ്ടേഷൻ
കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം

പാലാ: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഇത്തവണത്തെ കേരള സന്ദർശനത്തിൽ നിറഞ്ഞു നിൽക്കുന്നത് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾ. ഇത് കെ ആർ നാരായണന് നൽകുന്ന ആദരവായി മാറുകയും ചെയ്തു.
തിരുവനന്തപുരത്ത് രാജ്ഭവൻ അങ്കണത്തിൽ കെ ആർ നാരായണൻ്റെ അർദ്ധകായ പ്രതിമ രാവിലെ ദ്രൗപദി മുർമു അനാവരണം ചെയ്തു.
വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ അഭ്യർത്ഥനപ്രകാരമാണ് കെ ആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ സ്ഥാപിതമായത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള ഡോ. നാരായണന്റെ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് ചടങ്ങിൽ പങ്കെടുത്ത രാംനാഥ് കോവിന്ദ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
കെ ആർ നാരായണൻ ചരിത്ര പുരുഷനാണെന്ന് രാജ്ഭവനിൽ തന്നെ സന്ദർശിച്ച കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദ്രൗപദി മുർമു പറഞ്ഞു. കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമർപ്പിച്ച നിവേദനം ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഫൗണ്ടേഷൻ ഭാരവാഹികളായ എബി ജെ ജോസ്, ഡോ സിന്ധുമോൾ ജേക്കബ്, ആർ അജിരാജകുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്.