മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകും
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അടുത്ത പ്രസിഡന്റായി കെ ജയകുമാർ എത്തിയേക്കുമെന്ന് വിവരം. മുൻ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ പേര് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും. നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്.
സ്വർണപ്പാളി, കട്ടിളപ്പടി വിവാദങ്ങൾ ശബരിമലയിൽ വാർത്താപ്രാഥാന്യം നേടിയിരിക്കുന്ന സമയത്ത് ബോർഡിനെ നയിക്കാൻ ഭരണതലത്തിൽ ഏറെ പരിചയമുള്ളൊരാൾ വേണമെന്നാണ് സിപിഎം ആലോചന. ഇതനുസരിച്ച് മുൻ ചീഫ് സെക്രട്ടറിയും മുൻപ് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ പദവിയും വഹിച്ച വ്യക്തമായ പരിചയവുമുള്ളതിനാലാണ് ജയകുമാറിനെ പ്രസിഡന്റാക്കുന്നത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഇന്ന് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർട്ടി ചുമതലപ്പെടുത്തി. നാളെ ചർച്ചയ്ക്ക് ശേഷംതന്നെയാകും പേര് പ്രഖ്യാപിക്കുക. മുൻ ഹരിപ്പാട് എം.എൽ.എയും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കയർഫെഡ് ചെയർമാനുമായ ടി.കെ.ദേവകുമാറിനാണ് സാദ്ധ്യതയുണ്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മുൻ എം.പി എ. സമ്പത്തിന്റെ പേരും പരിഗണിച്ചിരുന്നതായി സൂചന വന്നിരുന്നു. ഇതിനിടെയാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കെ.ജയകുമാറിന്റെ പേര് പരിഗണിച്ചത്.
ഭരണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച, അഴിമതി ആക്ഷേപങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ലാത്ത ഒരു വ്യക്തിത്വമാണ് ജയകുമാർ. ഇദ്ദേഹം ബോർഡ് തലപ്പത്ത് എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നു.


