ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതി; മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ അപകീര്‍ത്തി കേസില്‍ മൂന്ന് പേർക്ക് ആറു മാസത്തെ തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി.
അഭിഭാഷകനായിരുന്ന എ.എക്സ്. വര്‍ഗീസ്, കലാകൗമുദി പത്രാധിപകര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്ത്തകന് പി.എം. ബിനുകുമാര്‍ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ല്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം.എക്സ്. വര്‍ഗീസിന്റെ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശങ്ങള്‍.
ജോമോന് പുത്തന്‍പുരയ്ക്കലിന് ധാരാളം വരുമാന സ്രോതസുകളുണ്ടെന്നും ധാരാളം പണം പിരിക്കുമെന്നുമുളള ആരോപണങ്ങള്‍ അഭിമുഖത്തില്‍ എം.എക്സ്. വര്‍ഗീസ് ഉന്നയിച്ചിരുന്നു.
തനിക്കെതിരെ നില്‍ക്കുന്നവരെ പ്രതികളാക്കി ചിത്രീകരിച്ചു പരാതി കൊടുക്കുന്നത് ജോമോന്റെ പതിവാണെന്ന ആരോപണവും അഭിമുഖത്തില്‍ എം.എക്സ്. വര്‍ഗീസ് ഉന്നയിച്ചു. ജോമോനെതിരെ ജസ്റ്റീസ് രാംകുമാര്‍ പ്രഖ്യാപിച്ച അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും വര്‍ഗീസ് അഭിമുഖത്തില്‍ ഉയര്‍ത്തിയിരുന്നു.
ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജോമോന് കോടതിയെ സമീപിച്ചത്. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ശരിയെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ അറിയിച്ചു.