ജെസ്ന കേസ്;തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്ന് സിബിഐ
ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന ആരോപണങ്ങളുടെ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്ന് സിബിഐ
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന ആരോപണങ്ങളുടെ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ പറഞ്ഞു.ജെസ്ന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കാതെയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേസിന്റെ എല്ലാ വശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകള്‍ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാനും സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.ഇതോടെ തെളിവുകള്‍ സീല്‍ഡ് കവറില്‍ ഹാജരാക്കാന്‍ ജെയിംസിന് കോടതി നിര്‍ദേശം നല്കി. കേസ് കോടതി മേയ് മൂന്നിന് പരിഗണിക്കും.
ജെസ്ന വീട്ടില്‍നിന്ന് പോകുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങള്‍ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടില്‍നിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി.രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ജെസ്ന രഹസ്യമായി പ്രാര്‍ഥിക്കാന്‍പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല തുടങ്ങിയ കാര്യങ്ങളാണ് ജെയിംസ് ആരോപിച്ചിരുന്നത്.