പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം
ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്.2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്
ന്യൂഡൽഹി : പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും ദൽഹി പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ഒൻപതുപേർ കൊല്ലപ്പെട്ടു.സംഭവത്തില്‍ ഡിസംബര്‍ 13-ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തീവ്രവാദികള്‍ നടത്തിയ സംയുക്തമായ ആക്രമണമാണിതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാറും മൊബൈല്‍ ഫോണും മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അഫ്‌സല്‍ ഗുരു, അഫ്‌സാന്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, എസ്എആര്‍ ഗീലാനി എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ 29-ന് അഫ്‌സല്‍ ഗുരുവിനെ പ്രത്യേക കോടതി പോലീസ് റിമാന്‍ഡിലേക്ക് വിട്ടു. വിചാരണ കോടതി അഫ്‌സാനെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. 2005-ല്‍ സുപ്രീം കോടതി അഫ്സലിന്റെ വധശിക്ഷ ശരിവെച്ചു. ഷൗക്കത്തിന്റെ ശിക്ഷ 10 വര്‍ഷത്തെ തടവായി ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തു. 2006 സെപ്തംബര്‍ 26-ന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടു. അതിന് തൊട്ട് പിന്നാലെയാണ് അഫ്‌സൽ ഗുരുവിന്റെ ഭാര്യ ദയാഹർജി സമർപ്പിക്കുകയുണ്ടായി. എന്നാൽ തൊട്ടടുത്ത വർഷം സുപ്രീം കോടതി അഫ്‌സൽ ഗുരുവിന്റെ ഹർജി തള്ളിക്കളയുകയായിരുന്നു. പിന്നീട് ഫെബ്രുവരി ഒൻപതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.