അന്താരാഷ്ട്ര ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു
സ്കൂൾ വിദ്യാർഥികളും വിശിഷ്ട വ്യക്തികളും കായിക താരങ്ങളും വിവിധ കായിക അസോസിയേഷൻ പ്രതിനിധികളും സ്പോർട്സ് ക്ലബുകളും കായിക പ്രേമികളും ട്രോമാ കെയർ പ്രവർത്തകരും ഒളിമ്പിക് റണ്ണിൽ പങ്കുചേർന്നു
മലപ്പുറം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഒളിമ്പിക് റൺ'- കൂട്ടയോട്ടം സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി. സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് കോട്ടപ്പടി സ്റ്റേഡിയം വരെയായിരുന്നു കൂട്ടയോട്ടം. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ വി. ആർ. വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി. പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.ജില്ലയിലെ സ്കൂൾ വിദ്യാർഥികളും വിശിഷ്ട വ്യക്തികളും കായിക താരങ്ങളും വിവിധ കായിക അസോസിയേഷൻ പ്രതിനിധികളും സ്പോർട്സ് ക്ലബുകളും കായിക പ്രേമികളും ട്രോമാ കെയർ പ്രവർത്തകരും ഒളിമ്പിക് റണ്ണിൽ പങ്കുചേർന്നു.കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഒളിമ്പിക് റൺ സമാപനയോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ സ്റ്റാൻ്റിങ് കമ്മിറ്റി അംഗം എ. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. മനോഹരകുമാർ, സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. എ. നാസർ, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡുക്കേഷൻ ഡയറക്ർ ഡോ. വി.പി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച കായിക ഡയറക്‌ടർക്കുള്ള അവാർഡ് കരസ്ഥമാക്കിയ കാലിക്കറ്റ് യുണിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് യു. തിലകൻ സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ അർജുൻ നന്ദിയും പറഞ്ഞു. ഒളിമ്പിക് റണ്ണിന് സമാപനം കുറിച്ചുകൊണ്ട് കോട്ടപ്പടി സ്റ്റേഡിയത്തിൽ പ്രതീകാത്മക ഫുട്ബോൾ സൗഹൃദ മത്സരവും നടന്നു.