തദ്ദേശീയജനതയുടെ അന്താരാഷ്ട്ര ദിനാചരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ദുരന്തനിവാരണപരിശീലനം നടത്തുന്നു
International Day of Indigenous Peoples: Under the leadership of Kudumbashree, disaster management training is conducted for children
തദ്ദേശീയജനതയുടെ അന്താരാഷ്ട്ര ദിനാചരണം:
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ദുരന്തനിവാരണപരിശീലനം നടത്തുന്നു
സംസ്ഥാനതലദിനാചരണം ഉദ്ഘാടനം കോട്ടയത്ത്
കോട്ടയം: തദ്ദേശീയജനതയുടെ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി (ആഗസ്റ്റ് 9) കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'സജ്ജം-സുരക്ഷിതരാകാം, സുരക്ഷിതരാക്കാം' പരിപാടി സംഘടിപ്പിക്കും.
ദുരന്തസാധ്യതകൾ മനസ്സിലാക്കി ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കാനായി കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 10, 11 തീയതികളില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് വിവിധ കേന്ദ്രങ്ങളിലായി പരിശീലനം നല്‍കും.
സംസ്ഥാനതലദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 9) രാവിലെ 10 ന് കോട്ടയത്ത് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
ജില്ലയിലെ കുട്ടികളുടെ എണ്ണത്തിനും ഭൂപ്രകൃതിക്കും അനുസൃതമായി ഒരു പരിപാടിയില്‍ 30 മുതല്‍ 50 വരെ കുട്ടികള്‍ പങ്കെടുക്കും. ആദ്യദിനം 'ദുരന്താഘാതലഘൂകരണം', 'കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും' എന്നീ വിഷയങ്ങളിലാണ് പരിശീലനം. വലിയ ദുരന്തങ്ങളെ അതിജീവിക്കുന്ന കുട്ടികള്‍ക്ക് പിന്നീട് വിദ്യാഭ്യാസം തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. അതിനാല്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ദുരന്താഘാതത്തെയും ദുരന്തലഘൂകരണത്തെയും കുറിച്ച് അവബോധം നല്‍കാനും ഇത്തരം സാഹചര്യങ്ങളില്‍ മാനസികമായി അവരെ സജ്ജരാക്കാനും പരിശീലനം സഹായിക്കും.
തദ്ദേശീയമേഖലകളില്‍ ദുരന്തസാധ്യതാ ലഘൂകരണപരിപാടി നടപ്പാക്കാൻ അവരുടെ തനതായ സാമൂഹ്യ- സാംസ്‌കാരിക- പാരിസ്ഥിതികസവിശേഷതകള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള പരിശീലനമാണ് നല്‍കുക. ദുരന്തലഘൂകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കാൻ അവരുടെ പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.
കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പട്ടികവര്‍ഗ സുസ്ഥിരവികസന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'സജ്ജം' പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്
--