മികവിന്റെ തിളക്കത്തിൽ വ്യാവസായിക പരിശീലന വകുപ്പ്

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്കാരങ്ങൾ

Nov 5, 2025
മികവിന്റെ തിളക്കത്തിൽ വ്യാവസായിക പരിശീലന വകുപ്പ്
industrial training

post

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ നൈപുണ്യ വികസന കേന്ദ്രങ്ങളായി മാറുകയാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭാവിയിലെ സാധ്യതകൾ മുൻനിർത്തി യുവതലമുറയിൽ തൊഴിൽ നൈപുണ്യശേഷി സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാവസായിക പരിശീലന വകുപ്പിൽ നടക്കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 25 ഐടിഐ കൾ പുതുതായി തുടങ്ങി. കിഫ്ബി സഹായത്തോടെ പത്ത് ഐടിഐ കൾ (ധനുവച്ചപുരം, ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, ഏറ്റുമാനൂർ, കട്ടപ്പന, കൊയിലാണ്ടി, കണ്ണൂർ, മലമ്പുഴ, കയ്യൂർ, ചാലക്കുടി) അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിച്ചു. 31 ഐ.ടി.ഐകൾക്ക് കെട്ടിട നിർമ്മാണത്തിനായി ഭൂമി ലഭ്യമാക്കുകയും 24 ഐ.ടി.ഐകൾ സ്വന്തമായി കെട്ടിടനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക വികസനത്തിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനായി മികച്ച ഇൻസ്ട്രക്ടർമാരാണ് ഐടിഐകളിലെ വിവിധ ട്രേഡിലുമുള്ളത്. നൈപുണ്യ പരിശീലന വിഭാഗത്തിലെ ദേശീയ അദ്ധ്യാപക പുരസ്‌കാരം 2023 മുതൽ തുടർച്ചയായി എല്ലാ വർഷവും കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് ലഭിച്ച് വരുന്നു. 2023 ലെ ദേശീയ അധ്യാപക പുരസ്‌കാരം കളമശ്ശേരി ഐ ടി ഐയിലെ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ അജിത്ത് കെ എ നായർക്കും, മലമ്പുഴ ഐ ടി ഐയിലെ വെൽഡർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ മുഹമ്മദ് ഷിയാദിനും ലഭിച്ചിരുന്നു. 2024-ൽ കൊയിലാണ്ടി ഐ ടി ഐയിലെ കോപ്പ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ മുഹമ്മദ് അക്ബർ എം, കോഴിക്കോട് ഐ ടി ഐയിലെ ഫിറ്റർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ രാധാകൃഷ്ണൻ വി കെയും അവാർഡ് നേടി. 2025 ലെ പുരസ്‌കാരം അരീക്കോട് ഐടിഐ യിലെ ഫിറ്റർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ ജയേഷ് കണ്ണച്ചെൻതൊടിയ്ക്കാണ് ലഭിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌ക്കാരങ്ങൾ.

രാജ്യത്തെ തൊഴിൽ മേഖലയിലെ ഐടിഐ പരിശീലനത്തിൽ കേരളത്തിലെ ഐടിഐകൾ ഒന്നാം സ്ഥാനത്താണ്. ഇൻഡസ്ട്രി 4.0 ന്റെ ആവശ്യകതകൾക്ക് അനുസരിച്ച് ഐടിഐകളിലെ കോഴ്‌സുകൾ പരിഷ്‌കരിച്ച് നൂതന കോഴ്സുകൾ ആരംഭിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാനുഫാക്ച്ചറിങ്, മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ് തുടങ്ങിയ നൂതന കോഴ്‌സുകൾ തിരുവനന്തപുരം (ചാല), തൃശ്ശൂർ (പീച്ചി), പാലക്കാട് (നാഗലശ്ശേരി), മലപ്പുറം (എടപ്പാൾ) ഐടിഐകളിൽ ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് എല്ലാ ഐ ടി ഐ കളിൽ ഏറ്റവും ആധുനിക പരിശീലനം ഉറപ്പാക്കും. ദേശീയവും അന്തർദേശീയവുമായ നിരവധി തൊഴിൽ ദാതാക്കളെ അണിനിരത്തി 14 ജില്ലകളിലും ശ്രദ്ധേയമായ തൊഴിൽമേളകൾ സംഘടിപ്പിച്ചു. ഇതിലൂടെ 80 ശതമാനത്തിലധികം പേർക്ക് വിദേശത്തും നാട്ടിലും തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുരന്തനിവാരണത്തിനായി 91 ഐ.ടി.ഐകളിൽ നൈപുണ്യ കർമ്മസേനയും രൂപീകരിച്ചു.

ദേശീയ മാനവശേഷി വികസന സൂചികയിൽ കേരളത്തിലെ തൊഴിൽ നൈപുണ്യശേഷി വളരെ മുന്നിലാണ്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കനുസരിച്ച് പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പും ഐടിഐകളുമാണ് ഈ തിളക്കമാർന്ന പുരോഗതിക്ക് കാരണം. രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയിൽ പെടാതെ സ്വയം തൊഴിൽ വഴി സംരംഭകത്വത്തിന് വഴിതെളിയിച്ച് പുതിയൊരു തൊഴിൽ സംസ്‌കാരം കേരളത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യപാതയിലാണ് സർക്കാർ. ഇതിനായി പരിശീലനത്തോടൊപ്പം കുട്ടികൾക്ക് വരുമാനം നേടിക്കൊടുക്കുന്നതിന് 17 ഐടിഐകളിൽ പ്രൊഡക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയെ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതിനായി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീമിന് (NAPS) സമാനമായി കേരള സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീം (KSAPS) പദ്ധതി നടപ്പാക്കി. പരിശീലനവും തൊഴിലും കൈകോർത്തുകൊണ്ട് നൈപുണ്യ വികസനത്തിന്റെ കരുത്തിലൂടെ കേരളത്തെ ഭാവിയിൽ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് വ്യാവസായിക പരിശീലന വകുപ്പ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.