വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ

Jan 27, 2026
വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ
INDIPENDANCE DAY

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായരുന്നു ഗവർണർ.

ഭാരതം ഒരു മതരാഷ്ട്രമല്ല, മറിച്ച് എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ 76 വർഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതമെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പത്മ പുരസ്‌കാര നേട്ടം

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളിൽ കേരളം കൈവരിച്ച നേട്ടത്തിൽ ഗവർണർ പ്രത്യേകം സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഗവർണർ പറഞ്ഞു. ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചത് കേരളത്തിന് വലിയ അംഗീകാരമാണ്.

കലാ-സാംസ്‌കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് പത്മഭൂഷൺ ലഭിച്ച നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. പത്മശ്രീ ലഭിച്ച കലാമണ്ഡലം വിമലാ മേനോൻ, കൊല്ലകൽ ദേവകി അമ്മ എന്നിവരുടെ നേട്ടങ്ങൾ കേരളത്തിന്റെ പ്രതിഭയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മന്ത്രമായ 'വന്ദേമാതരം' രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയാണിതെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗാനം ധീരരായ വിപ്ലവകാരികൾക്ക് തൂക്കുമരത്തെപ്പോലും പുഞ്ചിരിയോടെ നേരിടാൻ കരുത്ത് നൽകിയ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ആദി ശങ്കരാചാര്യർ മുതൽ ശ്രീനാരായണ ഗുരുവും സ്വാമി ചിന്മയാനന്ദനും വരെയുള്ളവർ കേരളത്തിന് നൽകിയ സാംസ്‌കാരിക വെളിച്ചം രാജ്യത്തിന് തന്നെ വഴികാട്ടിയാണ്. കല, കായികം, ശാസ്ത്രം, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും മലയാളി നൽകുന്ന സംഭാവനകൾ അതുല്യമാണ്. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല, മറിച്ച് രാജ്യപുരോഗതിക്കായി കൈകോർത്ത് പ്രവർത്തിക്കേണ്ട സഹപ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും വികസന കാര്യത്തിൽ എല്ലാവരും ഒരേ ലക്ഷ്യത്തോടെ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാൻ ഓരോ സംസ്ഥാനവും പ്രതിജ്ഞാബദ്ധമാകണം. കേരളത്തിന്റെ വികസനത്തിലൂടെ ഭാരതത്തിന്റെ വികസനം എന്ന 'സങ്കൽപം' നടപ്പിലാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഗവർണർ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക മുന്നേറ്റം എന്ന് തുടങ്ങി നിരവധി മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനമാണ്. അതുപോലെ ഇത്തവണ എല്ലാ മലയാളികളും സമ്മതിദാന അവകാശം നിറവേറ്റി പുതിയ മാതൃക സൃഷ്ടിക്കണമെന്നും ദേശീയ വോട്ടർ ദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഗവർണർ പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.