മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ, അഭിമാനമായി ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’
കനി കുസൃതി, ദിവ്യ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. കനി കുസൃതി, ദിവ്യ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇന്ത്യൻ സിനിമയുടെ അഭിമാനമായാണ് ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യൻ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന് വെള്ളിയാഴ്ച സമ്മാനിക്കും. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ.റെഡ് കാർപറ്റ് ഇവൻറിന് ശേഷമുള്ള ചടങ്ങിലാണ് നാളെ സന്തോഷ് ശിവന് പുരസ്‌ക്കാരം സമ്മാനിക്കുക. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട്. ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊൺജി, ആഗ്നസ് ഗൊദാർദ് തുടങ്ങിയവർക്കാണ് ഇതിന് മുമ്പ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌ക്കാരം ലഭിച്ചത്.