കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആഗോഗ്യമന്ത്രി വീണാ ജോർജ്
കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സർജറിയാണ് നടത്തിയത്.
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആഗോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സർജറിയാണ് നടത്തിയത്. അത് തെറ്റാണ്. തെറ്റ് തൊറ്റായി തന്നെ കണ്ടുകൊണ്ട് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു, ആഗോഗ്യമന്ത്രി പറഞ്ഞു.ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലായിരുന്നു ഇക്കാര്യമുള്ളത്. നാവിന് പ്രശ്‌നങ്ങൾ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോർട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.കഴിഞ്ഞമാസമായിരുന്നു വിവാദസംഭവം നടന്നത്. കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകൾക്കാണ് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.