സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
*അഗളി, പുതൂർ,ആറളം ഗ്രാമപഞ്ചായത്തുകൾക്ക് മഹാത്മഗാന്ധി ഗോത്ര സമൃദ്ധി പുരസ്‌കാരം
 
                                    സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമർപ്പണവും ഒക്ടോബർ 2 ന് വൈകുന്നേരം 3.30 ന് ആറ്റിങ്ങൽ എസ് എസ് പൂജ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സമൂഹത്തിന്റെ പൊതുമണ്ഡലത്തിലേക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഒക്ടോബർ 2 മുതൽ 16 വരെ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. 'മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി' എന്നതാണ് ഈ വർഷത്തെ പ്രമേയം.
വകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വകുപ്പിന്റെ ഐടിഐകളിൽ പഠിച്ച് മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉപഹാരം നൽകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മുഖ്യാതിഥികൾ ആയിരിക്കും. ജില്ലാ കളക്ടർ അനുകുമാരിയും മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ മിഷൻ ഡയറ്കടർ നിസാമുദീനും സന്നിഹിതരായിരിക്കും. എം.പി. മാർ, എംഎൽഎമാർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഒ എസ് അംബിക എംഎൽഎ സ്വാഗതവും ഡയറക്ടർ ഡോ രേണുരാജ് നന്ദിയും അർപ്പിക്കും. ഒക്ടോബർ 15 ന് വയനാട് മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും.
ആദിവാസികൾക്ക് 100 ദിവസം കൂടി അധിക തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്തിനാണ് 5 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും നൽകുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 3, 2 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും ലഭിക്കും. ഐക്യദാർഢ്യ പക്ഷാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംസ്ഥാനത്തെമ്പാടും വർദ്ധിച്ച പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി ഒ ആർ കേളു അറിയിച്ചു.
പട്ടികജാതി- പട്ടികവർഗ്ഗ - പിന്നാക്ക വിഭാഗ വകുപ്പുകളിലെ സ്ഥാപനങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾ, ആവാസ കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയോടെയാണ് ക്യാമ്പയിൻ ആരംഭിക്കുക. തുടർന്ന് ആരോഗ്യ ക്യാമ്പുകൾ, സ്‌കൂളുകളിൽ നിന്നും കോളേജിൽ നിന്നും ഡ്രോപ്പ് ഔട്ട് ആയവരെ തിരികെ എത്തിക്കുന്നതിനുള്ള ക്യാമ്പയിൻ, തൊഴിൽ ലഭ്യമാക്കുന്നതിനായി പദ്ധതികളും ജോബ് ഫെസ്റ്റും, സ്വയംതൊഴിൽ സംരംഭങ്ങൾക്കായുള്ള ചെറുകിട വ്യവസായ സംരംഭകത്വ ക്ലാസ്സുകളും, പ്രോജക്ട് ക്ലിനിക്കുകളും നടത്തും. തൊഴിലുറപ്പ് പദ്ധതി, അംബേദ്ക്കർ ഗ്രാമം, കോർപ്പസ്ഫണ്ട് തുടങ്ങിയവയിൽ ഏറ്റെടുത്ത പ്രവൃത്തികളുടെ ആരംഭം, വനാവകാശം, പട്ടികജാതി / പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം സംബന്ധിച്ച ദേശീയ സെമിനാറുകൾ, പുതിയ തൊഴിൽ സംരംഭങ്ങൾ ക്കായുള്ള ഫാർമേഴ്‌സ് ഓർഗനൈസേഷനുകൾ, ഗോത്ര ജീവിക പോലുള്ള പദ്ധതികൾ, തൊഴിൽ പരിശീലന പദ്ധതികളുടെ ആരംഭം വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, പിന്നോക്ക വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, പരിവർത്തിത വികസന കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ വായ്പാ വിതരണത്തിനും മാർക്കറ്റിംഗിനുമുള്ള പരിപാടികളും വൺ ടൈം സെറ്റിൽ മെന്റ്, വായ്പാ പുനക്രമീകരണം എന്നിവയും ഈ കാലയളവിൽ സംഘടിപ്പിക്കും. ഈ പരിപാടികൾക്ക് പുറമേ തനതായ കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, കുടുംബശ്രീ, ആരോഗ്യ - എക്സൈസ് വ്യവസായ വകുപ്പുകൾ, വിവിധ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പുറമേ ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളും സർവ്വീസ്-ബഹുജന സംഘടനകളും തൊഴിലാളികളും കൃഷിക്കാരും കർഷകതൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർത്ഥികളും ഈ രംഗത്ത് പ്രവർത്തിക്കുന്ന സമാന സ്വഭാവമുള്ള സംഘടനകളും പരിപാടിയുടെ ഭാഗമാകും. വാർത്താസമ്മേളനത്തിൽ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജും പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            