കേരളത്തിലെ ഐഐഐടി കോട്ടയത്ത് പിഎം വികാസിന് കീഴിലുള്ള നൈപുണ്യ പരിശീലന, വനിതാ സംരംഭകത്വ വികസന പദ്ധതിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ തുടക്കം കുറിച്ചു.

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള 450 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രാലയവും കോട്ടയം ഐഐഐടിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

Jul 17, 2025
കേരളത്തിലെ ഐഐഐടി കോട്ടയത്ത് പിഎം വികാസിന് കീഴിലുള്ള നൈപുണ്യ പരിശീലന, വനിതാ സംരംഭകത്വ വികസന പദ്ധതിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി  ജോർജ്ജ് കുര്യൻ തുടക്കം കുറിച്ചു.
george kurian union minister
ന്യൂഡൽഹി : 2025 ജൂലൈ 17

2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ദർശനം സാധ്യമാകാൻ രാജ്യത്തെ എല്ലാ  കുടുംബങ്ങളും വികസിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ. പിഎം വികാസ് പദ്ധതിക്കു കീഴിലുള്ള നൈപുണ്യ പരിശീലന-വനിത സംരംഭകത്വ വികസന പദ്ധതി കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ വികസനത്തിന് വരുമാനം വർദ്ധിക്കണമെന്നും അതിനായി ഓരോരുത്തരുടെയും അധ്വാനം ആവശ്യമാണെന്നും ശ്രീ ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര, സാങ്കേതിക രംഗം അനുദിനം വളരുകയാണെന്നും ശാസ്ത്രവുമായും ഇന്റർനെറ്റുമായും നമ്മുടെ ജീവിതം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കുട്ടികൾ മനസ്സിലാക്കണമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.        

അടിസ്ഥാനപരമായ സാങ്കേതിക വിദ്യ ഏത് പ്രായത്തിലുള്ളവർക്കും സ്വായത്തമാക്കാനാകുമെന്നതിന്റെ തെളിവാണ് യു പി ഐ ഇടപാടുകളുടെ ജനസ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളെ മാത്രമല്ല, തൊഴിൽ ദാതാക്കളെയും സൃഷ്ടിക്കണമെന്നതാണ് പി എം വികാസ് പദ്ധതിയിലെ നേതൃത്വവും സംരംഭകത്വവും എന്ന ഘടകം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വളരുകയാണ്. രാജ്യത്തെ വളർന്നു വരുന്ന സ്റ്റാർട്ടപ്പുകളിൽ കൃത്യതയോടെ പ്രവർത്തിക്കുന്നത് വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സ്ഥാപനമാണ് IIIT കോട്ടയമെന്നും സ്ഥാപനത്തിലെ അടൽ ഇൻകുബേഷൻ സെന്റർ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുമായും ശ്രീ ജോർജ് കുര്യൻ സംവദിച്ചു.  

‌ 


കോട്ടയം IIIT രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി (പി എം വികാസ്)  ശ്രീ അങ്കുർ യാദവ് എന്നിവർ കേന്ദ്ര സഹമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ ഐഎഎസ് ചടങ്ങിനെ അഭിസംബോധന ചെയ്തു. ഐഐഐടി കോട്ടയം  ഡയറക്ടർ (അഡീഷണൽ ചാർജ്) പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ, ഐഐഐടിയുടെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. AIC IIIT കോട്ടയം ഫൗണ്ടേഷൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ഷാജുലിൻ ബെനഡിക്റ്റ് നന്ദി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളിലെ 450 ഉദ്യോഗാർഥികൾക്കുള്ള പരിശീലനപദ്ധതി ഏറ്റെടുക്കാനുള്ള ചുമതല കോട്ടയം IIIT-യെ ന്യൂനപക്ഷമന്ത്രാലയം ഏൽപ്പിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി  150 യുവാക്കൾക്ക് ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്ന ഉയർന്ന തൊഴിൽസാധ്യതയുള്ള പുതിയ സാങ്കേതിക മേഖലയിൽ പരിശീലനം നൽകും. സ്വന്തം സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുന്നതു ലക്ഷ്യമിട്ട്, 300 സ്ത്രീകൾക്കു നേതൃത്വ-സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കും. പരിശീലനത്തിനു ശേഷം, തൊഴിലവസരങ്ങളിലേക്കും സ്വയംതൊഴിലിലേക്കും പ്രവേശനം ഉറപ്പാക്കാൻ വ്യവസായബന്ധങ്ങൾ വഴി പിന്തുണ നൽകും. ഇന്ത്യയിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആറു ന്യൂനപക്ഷ സമൂഹങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനു പിന്തുണയേകാൻ മന്ത്രാലയത്തിന്റെ മുൻകാല നൈപുണ്യ-വിദ്യാഭ്യാസ സംരംഭങ്ങളെ ഏകീകൃത സംവിധാനത്തിലേക്കു സംയോജിപ്പിക്കുന്ന ഒന്നാണു പിഎം വികാസ്. പിഎം വികാസിനുകീഴിൽ രാജ്യത്തുടനീളം നടപ്പാക്കുന്ന നിരവധി സംരംഭങ്ങളിൽ ഒന്നാണു കോട്ടയത്തേത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.