റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേൽ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ
മൂന്നു വർഷത്തേയ്ക്കാണ് ഊർജിത് പട്ടേലിന്റെ നിയമനം. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെയും അദ്ദേഹം പ്രതിനിധീകരിക്കും.
 
                                    ന്യൂഡൽഹി : റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. ഊർജിത് പട്ടേലിനെ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. അടുത്ത മൂന്നു വർഷത്തേയ്ക്കാണ് ഊർജിത് പട്ടേലിന്റെ നിയമനം. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെയും അദ്ദേഹം പ്രതിനിധീകരിക്കും.ഐഎംഎഫിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ കാലാവധി തികയുന്നതിനുമുന്പ് സർക്കാർ പുറത്താക്കിയതിനെത്തുടർന്നാണു പുതിയ നിയമനം.
2016 സെപ്റ്റംബർ മുതൽ 2018 ഡിസംബർ വരെ രണ്ടു വർഷം അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റായും റിലയൻസ് ഇൻഡസ്ട്രീസ്, ഐഡിഎഫ്എസി എന്നീസ്ഥാപനങ്ങളിലും ഉന്നത പദവിയും വഹിച്ചിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിൽ സീനിയർ ഫെലോയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സാന്പത്തികമേഖല ഉദാരവത്കരണത്തിലേക്കു കടന്ന 1990 കാലഘട്ടത്തിൽ ഊർജിത് പട്ടേൽ ഐഎംഎഫിന്റെ ഭാഗമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു ബിഎസ്സി ബിരുദം പൂർത്തിയാക്കിയ ഊർജിത് പട്ടേൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നാണ് എംഫിൽ പൂർത്തിയാക്കിയത്. അമേരിക്കയിലെ യാലെ സർവകലാശാലയിൽനിന്ന് സാന്പത്തികശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കുകയും ചെയ്തു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            