സുരക്ഷിത വിദേശകുടിയേറ്റം; നോർക്ക വനിതാസെൽ വർക്ക്‌ഷോപ്പ് മാർച്ച് 7 ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോർക്ക എൻ.ആർ.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ സുരക്ഷിത വിദേശതൊഴിൽകുടിയേറ്റ, നിയമബോധവൽക്കരണ വർക്ക്‌ഷോപ്പ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ 10 മുതൽ 12.30 വരെ തൈക്കാട് കിറ്റ്‌സ് ക്യാമ്പസ് ഹാളിലാണ് പരിപാടി. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കിറ്റ്‌സ് (KITTS) ഡയറക്ടർ ഡോ. ദിലീപ് എം.ആർ ആശംസ അറിയിക്കും. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി ഡോ. എൽസാ ഉമ്മൻ, ഇന്റർനാഷണൽ ലേബർ ഓർഗ്ഗനൈസേഷൻ (ILO) നാഷണൽ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. നേഹ വാധ്വാൻ, മാധ്യമപ്രവർത്തകരും ലോകകേരള സഭാ പ്രതിനിധികളുമായ അനുപമ വെങ്കിടേശ്വരൻ, താൻസി ഹാഷിർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ചടങ്ങിൽ നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ രശ്മി റ്റി സ്വാഗതവും, കിറ്റ്‌സ് പ്രിൻസിപ്പൽ ഡോ.ബി. രാജേന്ദ്രൻ നന്ദിയും പറയും.
വിദേശത്തേയ്ക്ക് ഉപരിപഠനത്തിനോ തൊഴിലിനോ പോകുന്ന വനിതകൾക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ചും സുരക്ഷിതമായ തൊഴിൽകുടിയേറ്റ നടപടിക്രമങ്ങൾ സംബന്ധിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയരായ വനിതകളുടെ സുരക്ഷിതമായ വിദേശകുടിയേറ്റത്തിനും പ്രവാസികേരളീയരുടെ പരാതികളിൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായുളള ഏകജാലകസംവിധാനമാണ് തൈക്കാട് നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന നോർക്ക എൻ. ആർ. കെ വനിതാ സെൽ. കൂടുതൽ വിവരങ്ങൾക്കോ പരാതികൾ അറിയിക്കുന്നതിനോ വനിതാസെല്ലിന്റെ 0471-2770540, +91-9446180540 (വാട്‌സാപ്പ്) നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.