വനം വികസന കോർപറേഷൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃക: മന്ത്രി എ.കെ. ശശീന്ദ്രൻ
കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
കോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനം വികസന കോർപറേഷ(കെ.എഫ്.ഡി.സി.)ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻപുണ്ടായിരുന്ന പ്രവർത്തനരീതികളിൽനിന്നു മാറി കോർപറേഷൻ വൈവിധ്യവത്കരണത്തിന്റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇക്കോ ടൂറിസം അടക്കമുള്ള മേഖലകളിൽ ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് വലിയ പ്രവർത്തനസാധ്യതയാണുള്ളത്. വന്യമൃഗശല്യമുൾപ്പെടെ വനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നുവരുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം ആർജിച്ചുകൊണ്ടുള്ള പരിഹാരങ്ങൾക്കാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്കായി നിർമിച്ച ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ നടന്ന യോഗത്തിൽ കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു. ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് കോർപറേഷനുണ്ടായ നേട്ടങ്ങളെന്ന് അവർ പറഞ്ഞു. കോർപറേഷൻ പുറത്തിറക്കിയ ടൂറിസം ഗൈഡ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രകാശനം ചെയ്തു. കോർപറേഷന്റെ പുതുക്കിയ വെബ്സൈറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വനം മേധാവി ഗംഗാ സിംഗ്, കെ.എഫ്.ഡി.സി. ഡയറക്ടർമാരായ കെ.എസ്. ജ്യോതി, പി.ആർ. ഗോപിനാഥൻ, അബ്ദുൽ റസാഖ് മൗലവി, ആർ.എസ്. അരുൺ, വി.ആർ. പ്രമോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, നഗരസഭാംഗം എൻ.എൻ. വിനോദ്, കെ.എഫ്.ഡി.സി. അസിസ്റ്റന്റ് ജനറൽ മാനേജർ വി.എസ്. കിരൺ ജോൺസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. കെ. അനിൽകുമാർ, അഡ്വ. വി.ബി. ബിനു, അഡ്വ. ജെയ്സൺ ജോസഫ്, എം.ടി. കുര്യൻ, ടോമി വേദഗിരി, എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. സുവർണ ജൂബിലി സ്മാരകമായി കാരാപ്പുഴ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു കമ്പ്യൂട്ടറും ജവഹർ ബാലഭവനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയിലേക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങളും കൈമാറി. വനം വികസന കോർപറേഷന്റെ ആറു ഡിവിഷനുകളിലുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.
ഫോട്ടോക്യാപ്ഷൻ: