വയോധിക വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അഞ്ചുമാസത്തിനുശേഷം പ്രതി പിടിയിൽ
കോരുത്തോട് സ്വദേശി തങ്കമ്മയുടെ (88) മരണത്തിൽ ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്.
കോട്ടയം: വയോധിക വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അഞ്ചുമാസത്തിനുശേഷം പ്രതി പിടിയിൽ. കോരുത്തോട് സ്വദേശി തങ്കമ്മയുടെ (88) മരണത്തിൽ ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്.കഴിഞ്ഞ ഡിസംബർ 15നാണ് വാഹനമിടിച്ച് തങ്കമ്മ മരിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസിടിവികൾ പരിശോധിച്ചതിനുശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡിയാണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്.ഡിസംബർ 15ന് രാവിലെ എട്ടോടെ പനക്കച്ചിറ ആനക്കുളം കവലയുടെ സമീപത്തായിരുന്നു അപകടമുണ്ടായത്. പനക്കച്ചിറയിലേയ്ക്ക് നടന്നുപോവുകയായിരുന്ന തങ്കമ്മയെ തെറ്റായ ദിശയിലെത്തിയ കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് തങ്കമ്മയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ശബരിമല സീസൺ കച്ചവടത്തിന്റെ ഭാഗമായി നിരവധിയാളുകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഒട്ടേറെ വാഹനങ്ങൾ ഒരേസമയം പോയതിനാൽ വണ്ടിയുടെ നമ്പർ ശ്രദ്ധിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.ശബരിമല തീർത്ഥാടകരെത്തിയ വാഹനം എന്നുമാത്രമായിരുന്നു പൊലീസിന് ലഭിച്ച വിവരം. അതുവഴി കടന്നുപോയ വാഹനങ്ങളുടെ നമ്പരുകൾ പൊലീസ് ശേഖരിച്ചു. വാഹനം ഇടിച്ച സമയം കണക്കാക്കിയും അന്വേഷണം നടത്തി പട്ടിക തയ്യാറാക്കി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദ് സ്വദേശി പിടിയിലാവുന്നത്.