ഏഴാം ധനകാര്യകമ്മിഷനു മുന്നിൽ ക്രിയാത്മക നിർദേശങ്ങളുമായി ജനപ്രതിനിധികൾ

കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കലും അവയുടെ വിനിയോഗവും സംബന്ധിച്ച് ഏഴാം ധനകാര്യകമ്മിഷനു മുൻപിൽ ക്രിയാത്മക നിർദ്ദേശങ്ങൾ സമർപ്പിച്ച് ജില്ലാ ആസൂത്രണ സമിതിയംഗങ്ങളും ജനപ്രതിനിധികളും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള നിർദേശങ്ങൾ സ്വീകരിക്കാനാണ് കമ്മീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ പ്രത്യേക ജില്ലാ ആസൂത്രണസമിതി യോഗത്തിൽ പങ്കെടുത്തത്.
ധനവിന്യാസവും പദ്ധതി രൂപീകരണവും നിർവഹണവുമായി ബന്ധപ്പെട്ട തും ഭരണനിർവഹണവുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളാണ് തേടിയത്. പരമ്പരാഗത ചെലവുകൾക്കുള്ള ഫണ്ട്(ജനറൽ പർപസ് ഫണ്ട്), റോഡ് ഇതര സംരക്ഷണ ഫണ്ട്, റോഡ് സംരക്ഷണ ഫണ്ട്, വികസന ഫണ്ട്, പട്ടികജാതി-പട്ടിക വർഗ്ഗ ഉപപദ്ധതി ഫണ്ടുകൾ തുടങ്ങിയവയേക്കുറിച്ചുള്ള അഭിപ്രായങ്ങൾ, എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ കമ്മീഷൻ ആരാഞ്ഞു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുകളുടെ വിന്യാസം, മറ്റു തദ്ദേശ സർക്കാരുകളുമായി ചേർന്ന് നടപ്പാക്കുന്ന/ നടപ്പാക്കാൻ കഴിയുന്ന സംയോജിത പദ്ധതികൾ, സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കാൻ കഴിയുന്ന സംയോജിത പദ്ധതികൾ, നഗരവത്കരണവുമായി ബന്ധപ്പെട്ടു നേരിടുന്ന വെല്ലുവിളികൾ, തനതുവരുമാനം മെച്ചപ്പെടുത്തൽ, സേവനങ്ങൾ മെച്ചപ്പെടുത്തൽ, തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ ഭരണസംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭിപ്രായങ്ങൾ പങ്കുവെച്ചു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ആമുഖപ്രഭാഷണം നടത്തി. ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ.എൻ .ഹരിലാൽ വിഷയാവതരണം നടത്തി. പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ധനകാര്യ കമ്മീഷൻ സെക്രട്ടറി പി. അനിൽ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
പരമ്പരാഗത ചെലവുകൾക്കുള്ള ഫണ്ട്(ജനറൽ പർപസ് ഫണ്ട്) നൽകുമ്പോൾ വരുമാനം കുറവുള്ള പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ജില്ലാ ആസൂത്രണസമിതിയംഗം ജോസ്മോൻ മുണ്ടയ്ക്കൽ ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണം എന്നത് അധികാര കേന്ദ്രീകരണത്തിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥ കമ്മീഷൻ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ പറഞ്ഞു. ടൂറിസം, ആശുപത്രി പോലുള്ള മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മീഷൻ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്ന് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ആവശ്യപ്പെട്ടു. ഉത്തരവാദിത്വങ്ങൾ കൂടിവരുമ്പോഴും അതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവർഗ്ഗ ഫണ്ടുകൾ കൂടുതലായി അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം നിർമലാ ജിമ്മി ആവശ്യപ്പെട്ടു. തോടുകളിലെ എക്കൽ നീക്കുന്നതിനുള്ള ചുമതല മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ നിന്നുമാറ്റി ഗ്രാമപഞ്ചായത്തുകളെ ഏൽപ്പിക്കണമെന്ന് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ ആസൂത്രണസമിതിയംഗങ്ങളായ പി.എം. മാത്യു, ശുഭേഷ് സുധാകരൻ, ജെസി ഷാജൻ, സുധാ കുര്യൻ, കൃഷ്ണകുമാരി രാജശേഖരൻ ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾഖാദർ, വാഴൂർ ഗ്രാമപഞ്ചായത്തംഗം വി.പി. റെജി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടർ ബിനു ജോൺ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ, ജില്ലാ പട്ടികജാതി ഓഫീസർ എം.എസ്. സുനിൽ എന്നിവരും നിർദ്ദേശങ്ങൾ പങ്കുവെച്ചു.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതെന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു. സാധ്യതയുള്ള വരുമാന സ്രോതസ്സുകൾ പോലും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിക്ക് മാറ്റമുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളിലെ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന് സെമി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിന് ശിപാർശ ചെയ്യുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകഴിഞ്ഞ് കമ്മീഷൻ കോട്ടയം നഗരസഭാ ഓഫീസ് സന്ദർശിച്ചു.
ഫോട്ടോ ക്യാപ്ഷൻ-
1 ഏഴാം ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽകോട്ടയം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളുമായി സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം
ഏഴാം ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ കോട്ടയം നഗരസഭ സന്ദർശിച്ചപ്പോൾ. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടർ ബിനു ജോൺ, ധനകാര്യ കമ്മീഷൻ സെക്രട്ടറി പി. അനിൽ പ്രസാദ് എന്നിവർ സമീപം.