ചാലക്കുടി നഗരസഭയിൽ ജൂൺ 25ന് ഫയൽ അദാലത്ത്
വിവിധ ആവശ്യങ്ങൾക്ക് നാട്ടുകാർ നൽകുകയും കെട്ടിക്കിടക്കുകയും ചെയ്യുന്ന അപേക്ഷകൾ തീർപ്പാക്കാൻ 25ന് ഫയൽ അദാലത്ത്
ചാലക്കുടി: വിവിധ ആവശ്യങ്ങൾക്ക് നാട്ടുകാർ നൽകുകയും കെട്ടിക്കിടക്കുകയും ചെയ്യുന്ന അപേക്ഷകൾ തീർപ്പാക്കാൻ 25ന് ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സമീപകാലങ്ങളിൽ നഗരസഭയിലെ സേവനങ്ങൾ ഓൺലൈനിലാക്കുകയും, കെ സ്മാർട്ട് സംവിധാനം നിലവിൽ വരികയും ചെയ്തതോടെ, വിവിധ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനും, സേവനങ്ങൾ നൽകാനും കാലതാമസം വന്നിരുന്നു.കെട്ടിട്ട നിർമ്മാണ പെർമിറ്റ്, നമ്പർ നൽകൽ, ലൈസൻസ്, മറ്റ് പരാതികൾ തുടങ്ങിയവയിൽ ഇനിയും സേവനം ലഭിക്കാത്ത അപേക്ഷകർ ജൂൺ 15 നകം നഗരസഭയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകണം. ആയുഷ് ആശുപത്രി നിർമ്മാണത്തിന് നഗരസഭ വിട്ട് നൽകിയിട്ടുള്ള 60 സെന്റ് സ്ഥലത്തിന്റെ അതിർത്തി നിർണയിക്കാനും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് എൻ.ഒ.സി നൽകാനും തീരുമാനിച്ചു. പി.എം.എ.വൈ പദ്ധതിയിലെ 11ാം ഘട്ട ഡി.പി.ആറിലേക്ക്, 10 ലൈഫ് ഇതര ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തൽ, സൗത്ത് ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന മറ്റ് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കൽ, മാർക്കറ്റ് വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾ വേഗത്തിലാക്കാൻ സബ്ബ് കമ്മിറ്റിയെ ചുമതലപ്പെടുത്തൽ എന്നീ തീരുമാനങ്ങൾ കൈക്കൊണ്ടു. ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.